| Sunday, 28th January 2024, 10:37 am

ബാഴ്സയിലെ സാവി യുഗം അവസാനിക്കുന്നു; ഇത് അവസാന സീസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ വിയ്യാറയലിന് തകര്‍പ്പന്‍ വിജയം. എട്ടു ഗോളുകള്‍ കണ്ട മത്സരത്തില്‍ ബാഴ്‌സലോണയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിയ്യാറയല്‍ പരാജയപ്പെടുത്തിയത്.

ഈ തോല്‍വിക്ക് പിന്നാലെ ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് ഫുട്‌ബോള്‍ ആരാധകരെ തേടി എത്തിയിരിക്കുന്നത്. ഈ സീസണോട് കൂടി ബാഴ്സലോണ പരിശീലകസ്ഥാനത്ത് നിന്നും ഒഴിയുമെന്നാണ് സാവി പറഞ്ഞത്. മത്സര ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സാവി.

‘നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പായി ജൂണ്‍ 30 മുതല്‍ ബാഴ്‌സലോണ പരിശീലകനായി തുടരില്ലെന്ന് ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ലാപ്പോര്‍ട്ടയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ടീമിന് ചലനാത്മകമായ ഒരു മാറ്റം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ബാഴ്‌സലോണയുടെ മാനേജര്‍ എന്ന നിലക്ക് ജൂണ്‍ 30ന് ശേഷം പോകുന്നതാണ് നല്ലത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി മുന്നിലുള്ള ബാക്കി നാല് മാസത്തിനുള്ളില്‍ ക്ലബ്ബിനൊപ്പം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും. ഞങ്ങള്‍ക്ക് നല്ലൊരു സീസണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സാവി പറഞ്ഞു.

അതേസമയം ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ഒളിമ്പിക് ലൂയിസ് കോമ്പനിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ അണിനിരുന്നത്. മറുഭാഗത്ത് 4-4-2 ശൈലിയായിരുന്നു വിയ്യാറയല്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ 41ാം മിനിട്ടില്‍ ജെറാഡ് മൊറേനോയിലൂടെ വിയ്യാറയല്‍ ആണ് ഗോളടി മേളക്ക് തുടക്കം കുറിച്ചത്.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ഏഴ് ഗോളുകളും പിറന്നത്. ഇല്‍ക്കായ് ഗുണ്ടോഗന്‍ (60), പെഡ്രി (68), എറിക് ബെയ്‌ലി ഓണ്‍ ഗോള്‍ (71) എന്നിവരാണ് ബാഴ്സയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

ഇലിയാസ് അഖോമാച്ച് (54), ഗോണ്‍സലോ ഗുഡെസ് (84), അലക്സാണ്ടര്‍ സെര്‍ലോത്ത് (90+9), ജോസ് ലൂയിസ് മൊറേല്‍സ് (90+2) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ഗോളുകള്‍ നേടിയത്.

തോല്‍വിയോടെ ലാ ലിഗയില്‍ 21 മത്സരങ്ങളില്‍ നിന്നും 13 വിജയവും അഞ്ചു സമനിലയും മൂന്നു തോല്‍വിയും അടക്കം 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സാവിയും കൂട്ടരും. ലാ ലിഗയില്‍ ജനുവരി 31ന് ഒസാസുനക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

Content Highlight: Xavi decided to leave Barcelona at end of the season.

Latest Stories

We use cookies to give you the best possible experience. Learn more