സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.
നിലവിലെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെ വെറും നിഴലാക്കി മാറ്റിയാണ് ബാഴ്സലോണയുടെ തേരോട്ടം.
ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പയിൽ നിന്നും പുറത്തായെങ്കിലും ക്ലബ്ബ് ലീഗിൽ നഷ്ടപ്പെട്ട് പോയ തങ്ങളുടെ കിരീടം തിരികേ നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ്.
എന്നാലിപ്പോൾ ബാഴ്സയുടെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായ മെസിയെപോലെയാണ് ക്ലബ്ബിന്റെ മുൻനിര താരമായ റോബർട്ടോ ലെവൻഡോസ്ക്കി എന്നഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ പരിശീലകനായ സാവി.
ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളായ മെസി, റൊണാൾഡീനോ എന്നിവരെപ്പോലെയുള്ള മെന്റാലിറ്റിയാണ് ലെവൻഡോസ്ക്കിയുടേതെന്നും അതിനാൽ തന്നെ ടീമിനെ മൊത്തത്തിൽ മാറ്റിമറിക്കാൻ പോളിഷ് താരത്തിനാകുമെന്നുമാണ് സാവി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഗോളാണ് ലെവൻഡോസ്കിയെപറ്റിയുള്ള സാവിയുടെ അഭിപ്രായം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“മെസിയുമായും റൊണാൾഡീനോയുമായും താരതമ്യം ചെയ്യാൻ കഴിയുന്ന താരമാണ് ലെവൻഡോസ്കി. ടീമിന്റെ മെന്റാലിറ്റിയെ മൊത്തത്തിൽ മാറ്റാൻ ലെവൻഡോസ്കിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം ഒരു നായകനാണ് ടീമുമായി ആശയവിനിമയം നടത്തുന്നതിലും അപാരമായ കഴിവുള്ള താരമാണ് ലെവൻഡോസ്കി,’ സാവി പറഞ്ഞു.
അതേസമയം ലാ ലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 65 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.
മാർച്ച് 20ന് റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോയാണ് ക്ലബ്ബിന് അടുത്തതായി കളിക്കാനുള്ളത്.