ഒത്തിരി മെച്ചപ്പെടാനുണ്ട്, ഞാൻ കളിക്കാരെ കുറ്റം പറയില്ല, തോൽവിയുടെ ഉത്തരവാദി ഞാനാണ്; ബാഴ്‌സലോണ സൂപ്പർ കോച്ച്
Football
ഒത്തിരി മെച്ചപ്പെടാനുണ്ട്, ഞാൻ കളിക്കാരെ കുറ്റം പറയില്ല, തോൽവിയുടെ ഉത്തരവാദി ഞാനാണ്; ബാഴ്‌സലോണ സൂപ്പർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th October 2022, 11:44 pm

ഞായറാഴ്ച റയൽ മാഡ്രിഡിനോട് നടന്ന തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ബാഴ്സലോണ പരിശീലകൻ സാവി.
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബാഴ്‌സലോണയുടെ തോൽവി.

കരീം ബെൻസിമ, വാൽവെർദെ, റോഡ്രിഗോ എന്നിവരാണ് മാഡ്രിഡിനായി ഗോൾ നേടിയത്. 83ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ബാഴ്‌സക്ക് വേണ്ടി സ്‌കോർ ചെയ്തത്.

മത്സരത്തിന് മുമ്പ് സാവി ടീമിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ചിലപ്പോൾ സ്വയം വിമർശനം നടത്തേണ്ടത് ആവശ്യമാണെന്നും താനതിപ്പോൾ ചെയ്യുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിജയം കണ്ടെത്താൻ വേണ്ട പരിശ്രമങ്ങൾ നടത്തിയിരുന്നെന്നും കൈവിട്ട് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. മൂന്ന് പോയിന്റ് മാത്രമാണ് നഷ്ടമായത്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുളള അവസരമായിരുന്നു. പക്ഷേ ഫലം കണ്ടില്ല. ലാ ലിഗയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നു. മികവിലേക്ക് ഉയരാനുളള പരിശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. ഇനിയും ഒട്ടേറേ മെച്ചപ്പെടാനുണ്ട്,’ സാവി പറഞ്ഞു.

നന്നായി അറ്റാക്കിങ്ങ് നടത്താൻ സാധിക്കാത്തതിൽ താൻ അസ്വസ്തനാണെന്നും വളരെ മോശം ദിനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

”വളരെ പക്വതയോടുകൂടി മത്സരത്തെ സമീപിക്കേണ്ടിയിരിക്കുന്നു. കാര്യമായി തന്നെ പാഠങ്ങൾ പടിക്കേണ്ടതുണ്ട്. കളി മെച്ചപ്പെടണം, ഞാൻ കളിക്കാരെ കുറ്റം പറയില്ല. തോൽവിയുടെ ഉത്തരവാദിത്വം എനിക്കാണ്,’ സാവി കൂട്ടിച്ചേർത്തു.

സാവിയും ബാഴ്സലോണയും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മത്സരത്തിൽ 57 ശതമാനം ബോൾ പൊസെഷൻ ബാഴ്സക്കായിരുന്നു. അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉണ്ടായിരുന്നിട്ടും അവ ഗോളാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. നിലവിൽ മാഡ്രിഡിന് പിന്നിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ.

 

Content Highlights: Xavi blames himself for failing against Madrid