| Friday, 19th May 2023, 3:08 pm

അവനെത്തിയാല്‍ ചാമ്പ്യന്‍സ് ലീഗ് പട്ടവും ബാഴ്‌സയിലെത്തും; ആകാംക്ഷാഭരിതനായി സാവി

സ്പോര്‍ട്സ് ഡെസ്‌ക്

വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം വിശ്വസിക്കുന്നത്. താരം ക്ലബ്ബില്‍ തിരിച്ചെത്തിയാല്‍ യുവേഫ ചാമ്പ്യന്‍സ് ടൈറ്റില്‍ നേടാനാകുമെന്ന വിശ്വാസത്തിലാണ് പരിശീലകന്‍ സാവി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യൂലിന്റെ റിപ്പോര്‍ട്ട് പ്രകാരം മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നാണ് സാവി ഉറച്ച് വിശ്വസിക്കുന്നത്. ഇതോടെ ബാഴ്‌സയുടെ പ്രതാപകാലം തിരിച്ചുപിടിക്കാനാകുമെന്നും യൂറോപ്പില്‍ തരംഗം സൃഷ്ടിക്കാനാകുമെന്നും സാവി ആകാംക്ഷ പ്രകടിപ്പിച്ചതായി എഡ്യൂല്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ലാ ലിഗയില്‍ ബാഴ്‌സലോണ സമര്‍പ്പിച്ച സാമ്പത്തിക സാധ്യതാ പദ്ധതിയുടെ വിധി നിര്‍ണയം അറിയാമെന്നും എഡ്യൂല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബ് നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍ ഈ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റാകുന്ന മെസിയെ ബാഴ്‌സക്ക് നിഷ്പ്രയാസം സൈന്‍ ചെയ്യിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ ബാഴ്‌സക്ക് വളരെ ചുരുക്കം മത്സരങ്ങളില്‍ മാത്രമെ മുന്നേറാന്‍ സാധിച്ചിരുന്നുള്ളൂ. കഴിഞ്ഞ  യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബ്ലൂഗ്രാന പുറത്താവുകയായിരുന്നു. യൂറോപ്പ ലീഗയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിയില്‍ ബാഴ്‌സ പുറത്തായിരുന്നു.

ഈ സാഹചര്യത്തില്‍ സ്‌ക്വാഡിനോടൊപ്പം മെസി കൂടി എത്തിയാല്‍ ടീമിന് കൂടുതല്‍ ഊര്‍ജം പകരാനാകുമെന്നാണ് സാവിയുടെ പ്രതീക്ഷ. റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, ഉസ്മാന്‍ ഡെംബെലെ, റഫീഞ്ഞ എന്നിവര്‍ അണിനിരക്കുന്ന അറ്റാക്കിങ് നിരയിലേക്ക് മെസിയെത്തിയാല്‍ ടീം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Xavi believes that Messi’s addition to the club will help Barcelona to win Champion league

We use cookies to give you the best possible experience. Learn more