വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്‌സലോണ. താരത്തിന്റെ വരവിന് മുന്നോടിയായി ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയോട് ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്.
ഉസ്മാന്‍ ഡെംബലയുടെ കരാര്‍ പുതുക്കുന്നതിന് വേണ്ടി സാവി ബാഴ്‌സയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയുടെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ഡെംബെലെ. 25കാരനായ അറ്റാക്കിങ് താരത്തിന്റെ കരാര്‍ 2023-24 സീസണിന്റെ അന്ത്യത്തിലാണ് അവസാനിക്കുക. എന്നാല്‍ താരത്തെ തുടര്‍ന്നും ക്ലബ്ബില്‍ നിലനിര്‍ത്തണമെന്നാണ് സാവി ആവശ്യപ്പെട്ടിരിക്കുന്നത്.
2017ല്‍ ബാഴ്‌സലോണയിലെത്തിയ ഡെംബെലെ ക്ലബ്ബിനായി ഇതുവരെ കളിച്ച 180 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളും 41 അസിസ്റ്റുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. നിലവില്‍ ബാഴ്‌സലോണയില്‍ മികച്ച ഫോമില്‍ തുടരുന്ന താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മെസി ബാഴ്‌സലോണയിലെത്തുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന മെസിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്ന ഓഫര്‍.
താരം അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങുന്നതോടെ താരം മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പി.എസ്.ജിയുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് താരത്തെ ക്ലബ്ബ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു അത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പി.എസ്.ജിയുമായുള്ള കാരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് മാറ്റത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും മെസിയും പിതാവ് ജോര്‍ജ് മെസി അറിയിച്ചതായി പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മെസിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ജോര്‍ജ് മെസി അങ്ങനെ പറഞ്ഞതെന്നും മെസി അല്‍ ഹിലാലിലേക്ക് പോകുമെന്നത് തീരുമാനിച്ചുറപ്പിച്ച കാര്യമാണെന്നും ഫ്രഞ്ച് പ്രസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
എന്നിരുന്നാലും ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ മെസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരം യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിടില്ലെന്നും ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.
Content Highlights: Xavi asks Barcelona to extend Ousmane Dembele’s contract