| Friday, 4th August 2023, 6:21 pm

മികച്ച രീതിയില്‍ ബാഴ്‌സ ട്രീറ്റ് ചെയ്തു; എന്നിട്ടും അവന്‍ വഞ്ചിച്ചു: സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ചേരുന്നതിനുള്ള ബാഴ്സലോണ താരം ഉസ്മാന്‍ ഡെംബലെയുടെ തീരുമാനത്തില്‍ നിരാശ രേഖപ്പെടുത്തി പരിശീലകന്‍ സാവി. പി.എസ്.ജിയുടെ ഓഫറിന് സമാനമായ തുക ബാഴ്സക്ക് തരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെംബലെ ബ്ലൂഗ്രാനയുമായി പിരിയുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തങ്ങള്‍ക്ക് പി.എസ്.ജി മുന്നോട്ടുവെക്കുന്ന ഓഫറിനോട് മത്സരിക്കാനാകില്ലെന്നും ഡെംബലെയുടെ തീരുമാനത്തില്‍ നിരാശനാണെന്നുമാണ് സാവി പറഞ്ഞത്. മികച്ച രീതിയില്‍ ട്രീറ്റ് ചെയ്തിട്ടും ഡെംബെലെ വഞ്ചിക്കുകയായിരുന്നെന്നും സാവി പറഞ്ഞു. ബാഴ്സ സെന്ററാണ് സാവിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പി.എസ്.ജിയില്‍ നിന്ന് പ്രപ്പോസല്‍ വന്നിട്ടുണ്ടെന്നും ബാഴ്സലോണയുമായി പിരിയുകയുമാണെന്നാണ് ഡെംബലെ ഞങ്ങളോട് പറഞ്ഞത്. അവന് പോകാനുള്ളത് കൊണ്ട് കഴിഞ്ഞ മാച്ചില്‍ കളിച്ചിരുന്നില്ല. അത് വഞ്ചനയാണ്. അവനെ മികച്ച രീതിയില്‍ ട്രീറ്റ് ചെയ്തിട്ടും ക്ലബ്ബ് വിടാനെടുത്ത തീരുമാനത്തില്‍ ഞാന്‍ നിരാശനാണ്. ഞങ്ങള്‍ക്ക് പി.എസ്.ജിയുടെ ഓഫറുമായി മത്സരിക്കാനാകില്ല,’ സാവി പറഞ്ഞു.

താരത്തെ സ്വന്തമാക്കാന്‍ ബുദ്ധിപൂര്‍വമായ നീക്കമാണ് ഫ്രഞ്ച് വമ്പന്മാര്‍ നടത്തിയത്. ഡെംബെലെയുടെ റിലീസ് ക്ലോസ് 50 മില്യണ്‍ ആണ്. എന്നാല്‍ ഈ റിലീസ് ക്ലോസിന്റെ കരാര്‍ ജൂലായ് 30ന് അവസാനിക്കുന്നതായിരുന്നു. അതിനാല്‍ റിലീസ് ക്ലോസിന്റെ അവസാന ദിവസം ഡെംബലെക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കുകയായിരുന്നു പി.എസ്.ജിയുടെ ലക്ഷ്യം.

ഇത് ബാഴ്‌സലോണക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 2017ലാണ് ജര്‍മന്‍ ക്ലബ്ബായ ബോറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും താരത്തെ ബാഴ്‌സ സ്വന്തമാക്കുന്നത്. നെയ്മര്‍ക്ക് പകരക്കാരനായാണ് ഡെംബെലെയെ ബാഴ്‌സ സ്വന്തമാക്കുന്നത്.

Content Highlights: Xavi about Ousmane Dembele

We use cookies to give you the best possible experience. Learn more