ന്യൂയോർക്ക്: ഷവോമിയുടെ ഫോണുകൾ വിലക്കുറവിന്റെ കാര്യത്തിലും, സ്പെസിഫിക്കേഷനുകളുടെ കാര്യത്തിലും മറ്റേത് ഫോണിനെയും കവച്ച് വെക്കുന്ന കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിലക്കുറവിന്റെ കാര്യത്തിൽ ഷവോമിയെ തോൽപ്പിക്കാനാവാതെ കുഴങ്ങുകയാണ് മറ്റു കമ്പനികൾ. താഴ്ന്ന വിലയ്ക്ക് കിടിലൻ ഫീച്ചേഴ്സ് ഉള്ള ഫോൺ എന്ന പ്രത്യേകത ഇപ്പോൾ ഷവോമിക്ക് സ്വന്തമാണ്.
ഇതിനിടയ്ക്കാണ് യൂടൂബിലെ അറിയപ്പെടുന്ന ഫോൺ ക്രിട്ടിക്കായ മാർക്വസ് ബ്രൗൺലീ ഏറ്റവും പ്രചാരത്തിലുള്ള 16 സ്മാർട്ട്ഫോണുകളുടെ ക്യാമറകൾ വിമർശനത്തിന് വിധേയമാക്കാൻ തീരുമാനിക്കുന്നത്. ഇപ്പോൾ വില്പനയിൽ മുൻനിരയിൽ നിൽക്കുന്ന ഈ ഫോണുകൾ ക്യാമറ വിഭാഗത്തിൽ എത്രത്തോളം സംതൃപ്തിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് കണ്ടുപിടിക്കുകയായിരുന്നു ബ്രൗൺലീയുടെ ലക്ഷ്യം.
മൊബൈൽ ലോകത്തെ ഭീമന്മാരായ ഗൂഗിൾ പിക്സിൽ 3, സാംസങ് ഗ്യാലക്സി നോട്ട് 9, ആപ്പിൾ ഐഫോൺ എക്സ്.എസ്., എൽ.ജി. വി40 എന്നീ ഫോണുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ ബ്രൗൺലീ അണിനിരത്തിയത്. ക്യാമറയുടെ നിലവാരം വിലയിരുത്താനായി തന്റെ സബ്സ്ക്രൈബേഴ്സിനെയാണ് ബ്രൗൺലീ തിരഞ്ഞെടുത്തത്.
ഓരോ ഫോണുകളിൽ നിന്നും ഫോട്ടോ എടുത്ത് അത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ബ്രൗൺലീ, ഫോട്ടോകൾ വിലയിരുത്താൻ തന്റെ സബ്സ്ക്രൈബേഴ്സിനോട് അഭ്യര്ഥിക്കുകയായിരുന്നു. എന്നാൽ വോട്ടെടുപ്പിലൂടെ ബ്രൗൺലീയെയും ആരാധകരെയും അമ്പരപ്പിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നത്.
Also Read നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
അപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണിനെയും സാംസങ് നോട്ട് 9നെയും പുറന്തള്ളി ഒന്നാമതെത്തിയത് ഹുവാവെയുടെ മേറ്റ് 20 പ്രോയും, രണ്ടാമതെത്തിയത് ഷവോമിയുടെ പോക്കോഫോണുമാണ്. എന്നാൽ ഇതിൽ എടുത്തു പറയേണ്ട വിജയം സ്വന്തമാക്കിയത് ഷവോമി തന്നെയാണ്. കാരണം ലളിതമാണ്.
മേറ്റ് 20 പ്രോയുടെ വില 60,000 രൂപയാണെങ്കിൽ പോക്കോഫോൺ വെറും 20,000 രൂപയ്ക്കാണ് ഷവോമി വില്പനക്ക് വെച്ചിരിക്കുന്നത്. അതു മാത്രമല്ല ഏറ്റവും മികച്ചതിന്നു അവകാശപ്പെടുന്ന, ഏറ്റവും വിലയുള്ള, സ്മാർട്ഫോണുകളെ പുഷ്പം പോലെയാണ് ഒരു സാധാരണ ബജറ്റ് ഫോൺ പിന്തള്ളിയിരിക്കുന്നതെന്നു കാണുമ്പോൾ ഷവോമിയുടെ വിജയത്തിന് വീണ്ടും തിളക്കം കൂടുകയാണ്.
Also Read കേന്ദ്രമന്ത്രി ഉപേന്ദ്രകുശ്വാഹ ബി.ജെ.പി വിടും; പ്രഖ്യാപനം ഇന്നെന്ന് സൂചന
എന്നാൽ ഈ ഓൺലൈൻ ടെസ്റ്റ് വസ്തുതാപരമല്ലെന്നും, ഓരോ സബ്സ്ക്രൈബറും വ്യത്യസ്ത ഫോണുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഫോട്ടോകൾ കണ്ടു മനസ്സിലാക്കുന്നതിൽ പാകപിഴകൾ സംഭവിക്കാമെന്നും വിമർശകർ പറയുന്നുണ്ട്.
എന്തായാലും തന്റെ ടെസ്റ്റിലൂടെ ഭീമമായ തുക കൊടുത്ത് മികച്ച സ്പെസിഫിക്കേഷന് വേണ്ടി ഫ്ലാഗ്ഷിപ്പ് ഫോണുകൾ വാങ്ങികൂട്ടുന്നവർക്ക് പുനരാലോചനയ്ക്കുള്ള അവസരമാണ് മാർക്വസ് ബ്രൗൺലീ നൽകിയിരിക്കുന്നത്.