മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ അനിമേഷന്‍ വീഡിയോ നീക്കം ചെയ്ത് എക്‌സ്
India
മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ അനിമേഷന്‍ വീഡിയോ നീക്കം ചെയ്ത് എക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 9:34 am

ന്യൂദൽഹി: ബി.ജെ.പിയുടെ വിദ്വേഷ പ്രചരണം നീക്കം ചെയ്ത് സാമൂഹ്യ മാധ്യമമായ എക്സ്. കർണാടകയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിനു 30 മിനിറ്റ് മുൻപാണ് അനിമേഷൻ വീഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. തുടർന്നായിരുന്നു എക്സ് ദൃശ്യങ്ങൾ നീക്കം ചെയ്തത്.

മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന അനിമേഷൻ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിനു കത്തയക്കുകയായിരുന്നു.

ബി.ജെ.പി എക്‌സിൽ ഈ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് നടപടി. ഈ വീഡിയോ നിലവിലുള്ള ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിനോട് പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും മുസ്‌ലിം വിഭാഗത്തെയും ലക്ഷ്യമിട്ടായിരുന്നു അനിമേഷൻ വീഡിയോ പ്രചരിപ്പിച്ചത്.

ഇതര വിഭാഗങ്ങളുടെ സംവരണം കോൺഗ്രസ് മുസ്‌ലിംവിഭാഗത്തിന് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് അനിമേഷൻ ദൃശ്യങ്ങളായി എക്‌സിൽ പ്രചരിച്ചത്.

മാതൃക പെരുമാറ്റച്ചട്ടവും, 1951 ലെ ജനപ്രാധിനിത്യ നിയമവും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. ഇത്തരം വിദ്വേഷപ്രചാരണത്തിനെതിരെ ബെംഗളൂരു പൊലീസിൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.

ഇതേതുടർന്ന് ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ, ഐ.ടി സെൽ തലവൻ അമിത് മാളവ്യ എന്നിവർക്കെതിരെ പൊലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ജെ.പി നദ്ദക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ബാക്കിയുള്ളവർക്ക് ഒരാഴ്ചക്കകം ഹാജരാകണമെന്നറിയിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിശദീകരണം ആവശ്യപ്പെട്ട് പാർട്ടിക്ക് നോട്ടീസ് നൽകുന്നതിന് പകരം പ്രധാനമന്ത്രിക്കാണ് നോട്ടീസ് നൽകേണ്ടതെന്ന് ടി.എൻ.സി.സി പ്രസിഡണ്ട് കെ. സെൽവപെരുന്തകൈ ഹരജിയിൽ ചൂണ്ടിക്കാട്ടി.

 

Content Highlight: X removes B.J.P’s post