| Sunday, 5th February 2023, 8:28 pm

ബ്രോക്ക് ലെസ്‌നറിനെയും റോമന്‍ റെയ്ങ്‌സിനെയും നേരിടും; WWE ചാമ്പ്യന്‍ഷിപ്പ് വീണ്ടും ഇന്ത്യയിലെത്തിക്കും; വമ്പന്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരാണ് വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇ. പ്രൊഫഷണല്‍ റെസ്‌ലിങ്, സ്‌പോര്‍ട്‌സ് എന്റര്‍ടെയ്ന്‍മെന്റ് രംഗത്ത് ഏറെ ചരിത്രമുള്ള ഡബ്ല്യൂ.ഡബ്ല്യൂ.ഇ മറ്റ് പ്രൊമോഷനുകളെ അപേക്ഷിച്ച് ഇന്നും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണ്.

ജോണ്‍ സീന, അണ്ടര്‍ ടേക്കര്‍, ട്രിപ്പിള്‍ എച്ച്, റാന്‍ഡി ഓര്‍ട്ടണ്‍, ഹള്‍ക്ക് ഹോഗന്‍, ജേക്ക് റോബര്‍ട്സ്, ഷോണ്‍ മൈക്കിള്‍സ്, എഡ്ജ്, റേ മിസ്റ്റീരിയോ തുടങ്ങി ഒട്ടേറെ താരങ്ങളാണ് വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റിനെ അത്യുന്നതങ്ങളിലെത്തിച്ചത്.

അമേരിക്കന്‍ ബേസ്ഡ് റെസ്‌ലിങ് കമ്പനിയാണെങ്കിലും ലോകത്തെമ്പാടുമുള്ള പ്രൊഫഷണല്‍ റെസ്‌ലേഴ്‌സ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ മത്സരിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും പല സൂപ്പര്‍ താരങ്ങളും ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഇടിക്കൂട്ടിലേക്കെത്തിയിട്ടുമുണ്ട്.

ദ ഗ്രേറ്റ് കാലി, ജിന്ദര്‍ മഹാല്‍ തുടങ്ങിയ പല താരങ്ങളും ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ സ്‌ക്വയേര്‍ഡ് സര്‍ക്കിളില്‍ കാലെടുത്ത് വെച്ചവരാണ്. വീര്‍ മഹാന്‍ എന്ന റിങ്കു സിങ്ങാണ് റെസ്‌ലിങ് റിങ്ങിലേക്കെത്തിയ ഏറ്റവും പുതിയ ഇന്ത്യന്‍ താരം.

കഴിഞ്ഞ റോ ആഫ്റ്റര്‍ റെസില്‍ മാനിയയിലാണ് വീര്‍ മഹാന്‍ ഡെബ്യൂ ചെയ്തത്. റേ മിസ്റ്റീരിയോയെയും മകന്‍ ഡൊമനിക്കിനെയും അറ്റാക്ക് ചെയ്യുന്ന സ്‌റ്റോറി ലൈനിലൂടെയായിരുന്നു ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരത്തെ അവതരിപ്പിച്ചത്.

എന്നാല്‍ അത്ര മികച്ച റണ്ണായിരുന്നില്ല താരത്തിന് ഉണ്ടായിരുന്നത്. തുടര്‍ന്ന് മഹാന് മേജര്‍ ബുക്കിങ്ങുകളോ പേ പെര്‍ വ്യൂ മാച്ചുകളോ ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് റെസ്‌ലിങ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഒരു ദിവസം താന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യനെ നേരിടുമെന്നും ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയിലേക്കെത്തിക്കുമെന്നുമാണ് മഹാന്‍ പറഞ്ഞത്. റെസ്‌ലിങ് ട്രാക്കറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഭാവിയിലൊരു ദിവസം ഞാന്‍ റോമന്‍ റെയ്ങ്‌സിനെയും ബ്രോക്ക് ലെസ്‌നറിനെയും നേരിടും. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ടൈറ്റില്‍ ഞാന്‍ ഇന്ത്യയിലേക്കെത്തിക്കും. നൂറ് ശതമാനം ഉറപ്പായും ഞാനത് ചെയ്യും,’ എന്നാണ് വീര്‍ മഹാന്‍ പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ ഇന്ത്യന്‍ റെസ്‌ലിങ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇന്ത്യന്‍ താരങ്ങളായ ദ ഗ്രേറ്റ് കാലിയും ജിന്ദര്‍ മഹാലും മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍മാരാണ്. സ്മാക് ഡൗണിന്റെ ഒരു എപ്പിസോഡില്‍ നടന്ന ബാറ്റല്‍ റോയല്‍ വിജയിച്ചാണ് കാലി വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനായത്. ഇതിന് പുറമെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ലെജന്‍ഡുകളായ അണ്ടര്‍ ടേക്കറിനും ബാറ്റിസ്റ്റയ്ക്കുമൊപ്പമുള്ള കാലിയുടെ ഫ്യൂഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രൊമോഷന്റെ പ്രമുഖ പേ പെര്‍ വ്യൂ ആയ ബാക്ക്‌ലാഷില്‍ അന്നത്തെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍ റാന്‍ഡി ഓര്‍ട്ടനെ തോല്‍പിച്ചുകൊണ്ടായിരുന്നു മഹാല്‍ ചാമ്പ്യനായത്.

ഇരുവരുടെയും പാത പിന്തുടര്‍ന്ന് വീര്‍ മഹാനും ചാമ്പ്യനാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ മാത്രമല്ല മറ്റ് റെസ്‌ലിങ് പ്രമോഷനുകളായ എ.ഇ.ഡബ്ല്യൂ, ഇംപാക്ട് റെസ്‌ലിങ്, റിങ് ഓഫ് ഓണര്‍ തുടങ്ങിയ പ്രൊമോഷനുകളിലും ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇംപാക്ട് റെസ്‌ലിങ്ങിലെ ഏറ്റവും മികച്ച എക്‌സ് ഡിവിഷന്‍ ചാമ്പ്യന്‍മാരില്‍ ഒരാളും ടി.എന്‍.എ ഒറിജിനലുമായ സോഞ്ജയ് ദത്ത് എ.ഇ.ഡബ്ല്യൂവിലെ സത്‌നം സിങ് തുടങ്ങി എണ്ണമറ്റ താരങ്ങള്‍ പ്രൊഫഷണല്‍ റെസ്‌ലിങ് ലോകത്തുണ്ട്.

Content Highlight: WWE superstar Veer Mahaan about winning WWE championship

We use cookies to give you the best possible experience. Learn more