ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പര്‍ താരം ട്രിപ്പിള്‍ എച്ച് അരങ്ങൊഴിഞ്ഞു
Sports Entertainment
ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പര്‍ താരം ട്രിപ്പിള്‍ എച്ച് അരങ്ങൊഴിഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th March 2022, 8:10 pm

പ്രൊഫഷണല്‍ റെസ്‌ലിംഗിന് പുതിയ ഭാവുകത്വം നല്‍യ ഡബ്ല്യു.ഡബ്ല്യു.ഇയിലെ സൂപ്പര്‍ താരം ട്രിപ്പിള്‍ എച്ച് / ഹണ്ടര്‍ ഹേസ്റ്റ് ഹെല്‍മ്‌സ്‌ലി റെസ്‌ലിംഗില്‍ നിന്നും വിരമിച്ചു.

ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. അനാരോഗ്യം മൂലം താന്‍ റിംഗില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും എന്നാല്‍ കമ്പനി കാര്യങ്ങളില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോള്‍ ലെവിസ്‌കി എന്ന സാധാരണക്കാരന്‍ ട്രിപ്പിള്‍ എച്ച് ആയതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥ മാത്രമാണുള്ളത്. പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്തെ എണ്ണം പറഞ്ഞ പല ഗിമ്മിക്കുകളും താരത്തിന്റെതായിരുന്നു. ‘കിംഗ് ഓഫ് കിംഗും’ ‘സെറിബ്രല്‍ അസാസിനും’ പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്തെ പകരം വെക്കാനില്ലാത്ത ക്യാരക്ടറുകളാണ്.

14 തവണ ഡബ്ല്യു.ഡബ്ല്യു.ഇ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനായ താരം പ്രൊഫഷണല്‍ റെസ്‌ലിംഗ് ലോകം എന്നും ആരാധനയോടെയും ആവേശത്തോടെയും നോക്കിക്കാണുന്ന ഡി ജനറേഷന്‍ എക്‌സ് എന്ന ഫാക്ഷന്റെ കോ ഫൗണ്ടര്‍ കൂടിയാണ്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന് പുറമെ, ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ്, ഹാര്‍ഡ്‌കോര്‍ ചാമ്പ്യന്‍ഷിപ്പ്, ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് തുടങ്ങി കമ്പനിയിലെ ഒട്ടുമിക്ക ടൈറ്റിലുകളും താരം സ്വന്തമാക്കിയിരുന്നു.

മണ്‍ഡേ നൈറ്റ് വാറിന്റെ സമയങ്ങളില്‍ ഡബ്ല്യു.ഡബ്ല്യു.ഇയെ മുന്നില്‍ നിന്നും നയിച്ച താരവും ട്രിപ്പിള്‍ എച്ച് തന്നെയായിരുന്നു. ഡബ്ല്യു.സി.ഡബ്ല്യുയുടെ മടയിലേക്ക് ബാറ്റല്‍ ടാങ്കറുമായെത്തിയ ട്രിപ്പിള്‍ എച്ചിന്റയും ഡബ്ല്യു.ഡബ്ല്യു.ഇയുടെയും ഇന്‍വേഷന്‍ സ്റ്റോറിലൈനിന് പകരം വെക്കുന്ന ഒരു സ്‌റ്റോറിലൈന്‍ ഡെവലപ്പ് ചെയ്യാന്‍ പല പ്രൊഫഷണല്‍ റെസ്‌ലിംഗ് കമ്പനികള്‍ക്കും സാധിച്ചിട്ടില്ല.

എന്നാല്‍ ട്രിപ്പിള്‍ എച്ചിനും ഡബ്ല്യു.ഡബ്ല്യു.ഇക്കും മാത്രമേ അത് വീണ്ടും സാധിച്ചിരുന്നുള്ളൂ. 2019 സര്‍വൈവര്‍ സീരീസിന് മുമ്പായി എന്‍.എക്‌സ്.റ്റിയുടെ റോ ഇന്‍വേഷന്‍ അത് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു.

ആറ്റിറ്റിയൂഡ് എറയുടെ ഭാഗമായപ്പോള്‍ കോള്‍ഡ് ബ്ലഡഡ് ഫൈറ്റര്‍ എന്ന നിലയിലേക്കായി താരത്തിന്റെ ചുവടുമാറ്റം. ഒരു കയ്യില്‍ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ഷിപ്പും മറുകയ്യില്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഡബ്ല്യു.ഡബ്ല്യു.ഇ ആറ്റിറ്റിയൂഡ് എറയുടെ നേര്‍സാക്ഷ്യമായിരുന്നു.

റിംഗിലെ ആക്ഷന്‍ പോലെ തന്നെ താരത്തിന്റെ എന്‍ട്രന്‍സിനും പ്രത്യേക ഫാന്‍ ബേസ് തന്നെയാണുള്ളത്. ഇയാന്‍ ‘ലെമ്മി’ കില്‍മിസ്റ്ററിന്റെ ശബ്ദത്തില്‍ മോട്ടോര്‍ ഹെഡിന്റെ ‘ദി ഗെയിം’ എന്ന തീം സോംഗുമായി റിംഗിലേക്കെത്തുകയും, വാട്ടര്‍ സ്പിറ്റ് ടോണ്ടിലൂടെ അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രിപ്പിള്‍ എച്ചിന്റെ എന്‍ട്രി അക്ഷരാര്‍ത്ഥത്തില്‍ രോമാഞ്ചമുണ്ടാക്കുന്നതായിരുന്നു.

റെസില്‍ മാനിയ, സമ്മര്‍ സ്ലാം പോലുള്ള സ്‌പെഷ്യല്‍ ഇവന്റുകളിലെ ട്രിപ്പിള്‍ എച്ചിന്റെ എന്‍ട്രിക്ക് പകരം വെക്കാന്‍ സാക്ഷാല്‍ അണ്ടര്‍ടേക്കറിന് പോലും പറ്റിയിരുന്നില്ല.

കുറച്ചു കാലം ഇന്‍ റിംഗ് ആക്ഷനില്‍ നിന്നും വിട്ടുനിന്ന് കമ്പനി കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ട്രിപ്പിള്‍ എച്ച് ആരാധകര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഫൈറ്റിനും ഇറങ്ങിയിരുന്നു.

നിലവില്‍ ഡബ്ല്യു.ഡബ്ല്യു.ഇയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായും എന്‍.എക്‌സ്.റ്റിയുടെ അമരക്കാനുമായാണ് ട്രിപ്പിള്‍ എച്ച് കമ്പനിയെ മുന്നോട്ട് നയിക്കുന്നത്.

 

Content Highlight: WWE Superstar Triple H Retires from Professional Wrestling