വിരമിച്ചിട്ടും അണ്ടര്‍ടേക്കര്‍ മടങ്ങിയെത്തുന്നു?
Sports Entertainment
വിരമിച്ചിട്ടും അണ്ടര്‍ടേക്കര്‍ മടങ്ങിയെത്തുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st April 2022, 10:47 am

പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്ത് പകരം വെക്കാനില്ലാത്ത ക്യാരക്ടര്‍ ഗിമ്മിക്കാണ് മാര്‍ക്ക് കാലവേ അവതരിപ്പിച്ച അണ്ടര്‍ടേക്കറിന്റേത്. കാലങ്ങള്‍ പലത് കഴിഞ്ഞിട്ടും പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്തെ പല അതികായര്‍ക്കും അണ്ടര്‍ടേക്കറിനെ വെല്ലുന്ന ഒരു ക്യാരക്ടര്‍ ഡെവലപ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഡബ്ല്യു.ഡബ്ല്യു.എഫ് / ഡബ്ല്യു.ഡബ്ല്യു.ഇ പ്രൊഫഷണല്‍ റെസ്‌ലിംഗിന് സംഭാവന ചെയ്ത ഏറ്റവും മികച്ച താരം കൂടിയായിരുന്നു അണ്ടര്‍ടേക്കര്‍. ഇത്രയും മികച്ച ക്യാരക്ടര്‍ അതിന്റെ കരിസ്മയില്‍ അവതരിപ്പിക്കാന്‍ കാലവേയ്ക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ എന്നത് മറ്റൊരു ഫാക്ട് കൂടിയാണ്.

ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഒട്ടനേകം മികച്ച മത്സരങ്ങളിലും മൊമന്റുകളിലും അണ്ടര്‍ടേക്കര്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. ഹെല്‍ ഇന്‍ എ സെല്‍ കേജിന് മുകളില്‍ നിന്നും മാന്‍ കൈന്‍ഡിനെ (മിക് ഫോളി) താഴേക്ക് വലിച്ചെറിഞ്ഞതും ഏറ്റവുമധികം റെസില്‍മാനിയ മത്സരം കളിച്ചതും ജയിച്ചതും തുടങ്ങി നിരവധി ഐക്കോണിക് മൊമന്റുകളായിരുന്നു താരം പ്രൊഫഷണല്‍ റെസ്‌ലിംഗിന് നല്‍കിയത്.

മരണമണിയുടെ അകമ്പടിയോടെ റിംഗിലെത്തുകയും നിഷ്ട്പ്രപഭമാക്കുന്ന നോട്ടത്തിലൂടെ മത്സരത്തിന് മുമ്പ് തന്നെ എതിരാളിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന അണ്ടര്‍ടേക്കര്‍ എന്നും ആരാധകരുടെ ആവേശമായിരുന്നു.

‘ഡെത്ത് മാന്‍’ പെര്‍സോണയില്‍ നിന്നും ‘അമേരിക്കന്‍ ബാഡ്ആസ്’ എന്ന ക്യാരക്ടറിലേക്ക് ചുവടുമാറ്റിയപ്പോഴും അണ്ടര്‍ടേക്കര്‍ അണ്ടര്‍ടേക്കര്‍ തന്നെയായിരുന്നു.

ഇപ്പോഴിതാ, റെസില്‍മാനിയയുടെ 38ാം വാര്‍ഷികത്തില്‍ അണ്ടര്‍ടേക്കര്‍ തിരിച്ചെത്തുന്നു എന്ന റൂമറുകളാണ് പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്. 2020 നവംബറില്‍ പ്രൊഫഷണല്‍ റെസ്‌ലിംഗില്‍ നിന്നും വിരമിച്ച ശേഷവും താരം റെസില്‍മാനിയയിലേക്ക് മടങ്ങിയെത്തും എന്ന് ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.

റെസില്‍മാനിയ 38ന്റെ മാച്ച് കാര്‍ഡില്‍ ഒന്നില്‍പോലും അണ്ടര്‍ടേക്കര്‍ ഇല്ല എന്നത് ഒരു പ്രധാന വസ്തുതയാണ്. എന്നാല്‍ റെസില്‍മാനിയ 34ന്റെ മാച്ച് കാര്‍ഡില്‍ ഇല്ലാതിരുന്നിട്ടും ജോണ്‍ സീനയെ നേരിടാന്‍ മടങ്ങിയെത്തിയതോടെയാണ് ആരാധകര്‍ ഇത്തവണയും അണ്ടര്‍ടേക്കറിന് മേല്‍ പ്രതീക്ഷ വെക്കുന്നത്.

വരാനിരിക്കുന്ന റെസില്‍മാനിയയില്‍ സെത്ത് റോളിന്‍സ് ആരെയാണ് നേരിടുന്നത് എന്ന കാര്യം ഡബ്ല്യു.ഡബ്ല്യു.ഇ ഇനിയും അനൗണ്‍സ് ചെയ്തിട്ടില്ല. റെസില്‍മാനമിയ സര്‍പ്രൈസ് എന്ന നിലയ്ക്കാണ് റോളിന്‍സിന്റെ എതിരാളിയെ ഡബ്ല്യു.ഡബ്ല്യു.ഇ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.

ഇതോടെയാണ് റോളിന്‍സിനെ നേരിടാന്‍ അണ്ടര്‍ടേക്കര്‍ മടങ്ങിയെത്തുമെന്ന് ഇപ്പോഴും പല ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.

എന്നാല്‍ സെത്തിനെ നേരിടുന്നത് ഡബ്ല്യു.ഡബ്ല്യു.ഇയുടെ റൈവല്‍ കമ്പനിയായ എ.ഇ.ഡബ്ല്യുവിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും മുന്‍ ഡബ്ല്യു.ഡബ്ല്യു.ഇ താരവുമായ കോഡി റോഡ്‌സ് ആയിരിക്കുമെന്നാണ് ബ്ലീച്ചര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അണ്ടര്‍ടേക്കറിന് പകരം കോഡി റോഡ്‌സ് ആയാലും ആരാധകരുടെ ആവേശത്തിന് കുറവുണ്ടാവില്ല എന്ന് ഉറപ്പാണ്.

നിരവധി ഐക്കോണിക് മാച്ചുകളാണ് റെസില്‍മാനിയ 38ന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ ബ്രോക്ക് ലെസ്‌നറും യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ റോമന്‍ റെയിംഗ്‌സും തമ്മില്‍ നടക്കുന്ന വിന്നര്‍ ടേക്‌സ് ഓള്‍ മാച്ചാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന റെസില്‍മാനിയുടെ പ്രധാന ഹൈലറ്റ്.

ഇതിന് പുറമെ ഹാള്‍ ഓഫ് ഫെയ്മര്‍ ‘ദി ടെക്‌സാസ് റാറ്റില്‍ സ്‌നേക്ക്’ സ്റ്റോണ്‍ കോള്‍ഡ് സ്റ്റീവ് ഓസ്റ്റിനും നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ റെസില്‍മാനിയക്കുണ്ട്.

 

Content Highlight: WWE superstar The Undertaker returns to Wrestlemania 38, Reports