WWE
ഒന്നിന് പിന്നാലെ ഒന്നായി മരണങ്ങള്‍, ആരാധകര്‍ക്കിത് ദുഃഖവെള്ളി
അമേരിക്കന്‍ റെസ്‌ലിങ് സൂപ്പര്‍ താരം വിന്‍ഡ്ഹാം റോടുന്‍ഡ/ ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചീഫ് കണ്ടന്റ് ഓഫീസര്‍ ട്രിപ്പിള്‍ എച്ചും ഡബ്ല്യൂ.ഡബ്ല്യൂ.ഇയും മരണവാര്‍ത്ത സ്ഥിരീകരിക്കുന്നുണ്ട്.
അസുഖവുമായി ബന്ധപ്പെട്ട് താരം മാസങ്ങളായി ഇന്‍ റിങ് ആക്ഷനില്‍ നിന്നും വിട്ടുനിന്നിരുന്നു. അസുഖം ഭേദമായി തിരിച്ചുവരവിന്റെ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആരാധകരെ കണ്ണീരിലാഴ്ത്തി ബ്രേ വയറ്റ് യാത്രയായത്.
‘ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഹാള്‍ ഓഫ് ഫെയ്മര്‍ മൈക്ക് റോട്ടുന്‍ഡയില്‍ നിന്നും ഒരു കോള്‍ ലഭിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ കുടുംബത്തിലെ അംഗമായ ബ്രേ വയറ്റ് എന്നറിയപ്പെട്ടിരുന്ന വിന്‍ഡ്ഹാം റോട്ടുന്‍ഡയുടെ വിയോഗവാര്‍ത്ത അദ്ദേഹം അറിയിച്ചു,’ ട്രിപ്പിള്‍ എച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യൂണിവേഴ്‌സിനെ കണ്ണീരിലാഴ്ത്തി കടന്നുപോകുന്ന രണ്ടാമത് താരമാണ് ബ്രേ വയറ്റ്. കഴിഞ്ഞ ദിവസമായിരുന്നു എന്‍.ഡബ്ല്യൂ.എ – ഡബ്ല്യൂ.സി.ഡബ്ല്യൂ. – ഇ.സി.ഡബ്ല്യൂ – ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസവും ഹോള്‍ ഓഫ് ഫെയ്മറുമായ ടെറി ഫങ്ക് അന്തരിച്ചത്.
2009ലാണ് ബ്രേ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ കരാറിലെത്തുന്നത്. എന്‍.എക്‌സ്.ടിയിലൂടെയായിരുന്നു താരത്തിന്റെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ പ്രവേശം. ഹസ്‌കി ഹാരിസ് എന്ന ഇന്‍ റിങ് നെയിമായിരുന്നു താരം അന്ന് സ്വീകരിച്ചിരുന്നത്. 2010ല്‍ നെക്‌സസ് എന്ന ഫാക്ഷനൊപ്പം മെയ്ന്‍ റോസ്റ്ററിലുമെത്തി.
2014 വരെ താരത്തിന്റെ കരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആ വര്‍ഷം എറിക് റോവനും ലൂക് ഹാര്‍പറിനൊപ്പം ചേര്‍ന്ന് ‘വയറ്റ് ഫാമിലി’ എന്ന ഫാക്ഷന്‍ പിറവിയെടുത്തതോടെ മെയ്ന്‍ ഇവന്ററായിട്ടായിരുന്നു ബ്രേയുടെ വളര്‍ച്ച.
മാര്‍ക് ക്രോസറിന്റെ ‘ക്യാച്ചിങ് ഫ്‌ളൈസ് ഇന്‍ ഹിസ് മൗത്ത്…’ എന്ന് തുടങ്ങുന്ന ‘ലിവ് ഇന്‍ ഫിയര്‍’ എന്ന തീമിന്റെ അകമ്പടിയോടെ അടിവെച്ച് റിങ്ങിലേക്കെത്തിയിരുന്ന ബ്രേ വയറ്റ് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു. ഓരോ ദിവസം കഴിയും തോറും താരത്തിന്റെ ആരാധക പിന്തുണ വര്‍ധിച്ചുവന്നു.
റെസ്‌ലിങ്ങിലെ സൂപ്പര്‍ താരം എന്നതിലുപരി ഏറ്റവും മികച്ച പ്രൊമോ കട്ടര്‍ കൂടിയായിരുന്നു വയറ്റ്. ബ്രേ മൈക്ക് കയ്യിലെടുത്തപ്പോഴെല്ലാം തന്നെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വകയുണ്ടായിരുന്നു.
2017 എലിമിനേഷന്‍ ചേംബര്‍ പേ പെര്‍ വ്യൂവിലാണ് ബ്രേ വയറ്റ് ആദ്യമായി ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍നാകുന്നത്. ശേഷം ഡബ്ല്യൂ.ഡബ്ല്യൂ.ഇ യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പും താരം സ്വന്തമാക്കി. ഇതിനൊപ്പം മാറ്റ് ഹാര്‍ഡി അടക്കമുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പലകുറി ടാഗ് ടീം ചാമ്പ്യന്‍ഷിപ്പും ബ്രേ സ്വന്തമാക്കിയിരുന്നു.
ഇതിന് പുറമെ താരത്തിന്റെ ആള്‍ട്ടര്‍ ഈഗോ പെര്‍സോണയായ ദി ഫീണ്ടിനും പ്രത്യേക ഫാന്‍ബേസായിരുന്നു ഉണ്ടായിരുന്നത്.
Content highlight: WWE super star Bray Wyatt passed away