| Thursday, 27th January 2022, 5:56 pm

റാപ്പ് സിംഗറുടെ കുപ്പായത്തിലേക്ക് തിരിച്ചെത്തി ജോണ്‍ സീന; ഷാക്കിനൊപ്പം പാട്ടുപാടി ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ജോണ്‍ സീന. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇടിക്കൂട്ടില്‍ മാത്രമല്ല. ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിലും ജോണ്‍ സീന തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിംഗില്‍ താരമാവുന്നതിന് മുന്‍പ് താരം അറിയപ്പെടുന്ന ഒരു റാപ്പ് സിംഗര്‍ കൂടിയായിരുന്നു. താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ‘ഡോക്ടര്‍ ഓഫ് തഗ്ഗണോമിക്‌സ്’ എന്ന ക്യാരക്ടറും താരത്തിന്റെ റാപ്പിംഗ് സ്‌കില്ലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

റെസ്‌ലിംഗ് റിംഗിലേക്ക് റാപ്പുമായെത്തിയിരുന്ന ജോണ്‍ സീന തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ഒട്ടേറെ ആരാധകരെയാണ് ഇക്കാലയളവില്‍ താരം നേടിയെടുത്തത്.

ഇപ്പോഴിതാ, തന്റെ റാപ്പ് സ്‌കില്ലുകള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് ജോണ്‍ സീന. ബാസ്‌കറ്റ് ബോള്‍ ഇതിഹാസം ഷാക്കില്‍ ഒ നീല്‍ എന്ന ബിഗ് ഷാക്കിനൊപ്പം പാട്ടു പാടുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ തീം സോംഗായ ‘ദി ടൈം ഈസ് നൗ’ ആണ് ജോണ്‍ സീന പാടുന്നത്. പാട്ടുകേട്ട് ആസ്വദിക്കുകയും സീനയ്‌ക്കൊപ്പം പാടാന്‍ ശ്രമിക്കുകയുമാണ് ഷാക്ക് ചെയ്യുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സീന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ ഏറ്റവും ആരാധരുള്ള താരമാണ് ജോണ്‍ സീന. ഏറ്റവുമധികം തവണ കമ്പനിയുടെ മോസ്റ്റ് പ്രസ്റ്റീജ്യസ് ടൈറ്റിലുകളായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍ഷിപ്പും വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ സീന തന്നെയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ റെസ്‌ലിംഗ് എന്റര്‍ടെയ്‌നറും.

പീസ്‌മേക്കര്‍ എന്ന ചിത്രമാണ് താരത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. തമാശ നിറഞ്ഞ ഒരു സൂപ്പര്‍ഹീറോ തരത്തിലുള്ള കഥാപാത്രമായാണ് സീന ടൈറ്റില്‍ റോളിലെത്തുന്നത്. ജോണ്‍ സീനയില്‍ നിന്നും പീസ്‌മേക്കറായി മാറുന്ന ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമയിലെ തന്റെ റോള്‍ ഗംഭീരമാക്കിയ താരം റോയല്‍ റംബിളിലൂടെ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2008ലും 2013ലും റോയല്‍ റംബിള്‍ ജയിച്ച് റെസില്‍മാനിയയില്‍ ഹെഡ്‌ലൈന്‍ ചെയ്ത താരം മൂന്നാമത് റോയല്‍ റംബിളും ജയിച്ച് സ്‌റ്റോണ്‍ കോള്‍ഡിന്റെ റെക്കോഡിനൊപ്പമെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: WWE legend John Cena raps with Shaquille O’ Neal

We use cookies to give you the best possible experience. Learn more