പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരായ ഡബ്ല്യു.ഡബ്ല്യു.ഇ യുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിന്‍സെന്റ് കെന്നഡി മെക്മാന്‍ എന്ന വിന്‍സ് മെക്മാന്‍ രാജിവെച്ചൊഴിഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി മെക്മാന്‍ തന്നെയാണ് സ്ഥാനമൊഴിയുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.
പ്രായമേറി വരികയാണെന്നും ഡബ്ല്യു.ഡബ്ല്യു.ഇയുടെ അധികാര സ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങാന്‍ സമയമായെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചെയര്‍മാന്‍, സി.ഇ.ഒ സ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ റെസ്‌ലിങ് കണ്ട എക്കാലത്തേയും മികച്ച ‘മുതലാളിയുടെയും’ സ്ട്രാറ്റജിസ്റ്റിന്റെയും സേവനം ഇനി ഡബ്ല്യു.ഡബ്ല്യു.ഇയോടൊപ്പമുണ്ടാകില്ല.
‘എനിക്കിപ്പോള്‍ 77 വയസായി. ഡബ്ല്യു.ഡബ്ല്യു.ഇയുടെ ചെയര്‍മാനും സി.ഇ.ഒയുമായി വിരമിക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ്. വര്‍ഷങ്ങളായി ഡബ്ല്യു.ഡബ്ല്യു.ഇയിലൂടെ നിങ്ങളെ സന്തോഷിപ്പിക്കാന്‍ സാധിക്കുക എന്നതുതന്നെ എന്നെ സംബന്ധിച്ച് ഒരു പ്രിവിലേജാണ്,’ മെക്മാന്‍ പറഞ്ഞു.
എന്നാല്‍ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹം ഡബ്ല്യു.ഡബ്ല്യു.ഇയുടെ അധികാരസ്ഥാനത്ത് നിന്നും പടിയിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോലിസ്ഥലത്ത് നിന്നും ലൈംഗികമായി ഉപദ്രവിച്ചെന്ന മുന്‍ താരത്തിന്റെ പരാതിക്ക് പിന്നാലെ മൂന്ന് മില്യണ്‍ ഡോളര്‍ നല്‍കാന്‍ മെക്മാന്‍ സമ്മതിച്ചതായി ജൂണില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്വേഷണം നടന്നുകൊണ്ടിരിക്കവെയാണ് മെക്മാന്‍ അധികാരം അടുത്ത തലമുറയ്ക്ക് കൈമാറുന്നത്.
വിന്‍സിന്റെ മകള്‍ സ്റ്റെഫനി മെക്മാനും ഡബ്ല്യു.ഡബ്ല്യു.ഇ ഹാള്‍ ഓഫ് ഫെയ്മറും മള്‍ട്ടിപ്പിള്‍ ടൈംസ് ഡബ്ല്യു.ഡബ്ല്യു.ഇ വേള്‍ഡ് ചാമ്പ്യനുമായ ട്രിപ്പിള്‍ എച്ചുമാവും ഡബ്ല്യു.ഡബ്ല്യു.ഇയുടെ താക്കോല്‍ സ്ഥാനങ്ങളില്‍.
സ്‌റ്റെഫനിയും ഭര്‍ത്താവ് ട്രിപ്പിള്‍ എച്ചും ഇതിനോടകം തന്നെ കമ്പനിയുടെ നിരവധിയായ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ടെങ്കിലും വിന്‍സ് ഇല്ലാത്തത് ഡബ്ല്യു.ഡബ്ല്യു.ഇയെ സാരമായി തന്നെ ബാധിച്ചേക്കാം.
1980ലായിരുന്നു മെക്മാന്‍ ഡബ്ല്യു.ഡബ്ല്യു.ഇ സ്ഥാപിക്കുന്നത്. ഒരു ചെറിയ ഇന്‍ഡിപെന്റന്റ് സര്‍ക്കിളില്‍ നിന്നും 180ലധികം രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്യുന്ന റെസ്‌ലിങ് ജഗ്ഗര്‍നോട്ടായി ഡബ്ല്യു.ഡബ്ല്യു.ഇയെ മാറ്റിയ ശേഷമാണ് മെക്മാന്‍ അധികാരം രാജിവെക്കുന്നത്.
1982ല്‍ തന്റെ പിതാവില്‍ നിന്നും ഡബ്ല്യു.ഡബ്ല്യു.എഫ് സ്വന്തമാക്കുകയും കമ്പനി കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തതോടെയാണ് മെക്മാന്‍ സ്‌പോര്‍ട്‌സ് സര്‍ക്കിളിലെ അറിയപ്പെടുന്ന മുഖമായി മാറിയത്.
തുടര്‍ന്ന് മണ്‍ഡേ നൈറ്റ് വാറില്‍ ഡബ്ല്യു.ഡബ്ല്യു.ഇയെ മുന്നില്‍ നിന്ന് നയിക്കുകയും പ്രധാന എതിരാളിയായ ഡബ്ല്യു.സി.ഡബ്ല്യുവിനെ തന്നെ വിലയ്ക്ക് വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇ.സി.ഡബ്ല്യുവിനെയും അദ്ദേഹം ഡബ്ല്യു.ഡബ്ല്യു.ഇയോടൊപ്പം ചേര്‍ത്തു.
നിലവില്‍ ഏറ്റവും അധികം ആരാധകരുള്ള പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ ഏറ്റവും മികച്ച കമ്പനിയാക്കിയ ശേഷമാണ് മെക്മാന്‍ അധികാരം കൈയൊഴിയുന്നത്.
Content Highlight: WWE chief McMahon retires amid sexual misconduct allegations