ബീജിങ്ങ്: കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന ചൈനയിലെത്തുന്നത് സ്വാഗതം ചെയ്ത്, ചൈനയുടെ ലബോറട്ടറിയില്‍ നിന്നാണ് വൈറസ് പുറത്തായതെന്ന ആരോപണം ഉയര്‍ത്തിയ ശാസ്ത്രജ്ഞ ഷി സെന്‍ഗ്ലി.
കൊറോണ വൈറസിന്റെ ആരംഭഘട്ടത്തിലായിരുന്നു വുഹാനിലെ ലാബില്‍ സൂക്ഷിച്ചിരുന്ന വൈറസ് ലീക്കായതാണെന്ന വാദം ഉയര്‍ത്തി ഷി രംഗത്ത് വന്നത്. അന്തരാഷ്ട്ര തലത്തില്‍ ഷിയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വൈറസിന്റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ ചൈനീസ് സന്ദര്‍ശനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്ത് തരത്തിലുള്ള അന്വേഷണത്തിനും താന്‍ തയ്യാറാണെന്നുമാണ് ഷി പറഞ്ഞത്. അടുത്തമാസമാണ് ലോകാരോഗ്യ സംഘടന വുഹാനിലേക്ക് കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ പുറപ്പെടുന്നത്.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞയാണ് പ്രൊഫസര്‍ ഷി സെന്‍ഗ്ലി. 2003ല്‍ 700ലധികം ആളുകള്‍ മരിച്ച സാര്‍സ് വൈറസുമായി ബന്ധപ്പെട്ട കണ്ടെത്തലിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ശാസ്ത്രജ്ഞയാണ് ഷി.
ഇക്കാരണത്താലാണ് അന്ന് ഷിയുടെ ആരോപണത്തിന് വലിയ വാര്‍ത്താ പ്രധാന്യം ലഭിക്കുന്നതും. അതേ സമയം ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
ഷിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ചൈനീസ് സര്‍ക്കാരും, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും രംഗത്തെത്തിയിരുന്നു.
” ഡബ്ല്യു.എച്ച്.ഒ പ്രതിനിധികളുമായി രണ്ട് തവണ ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ചൈനയിലെ ലാബില്‍ നിന്ന് ലീക്കായതാണ് വൈറസ് എന്ന ആരോപണങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ലോകാരോഗ്യ സംഘടന എത്തുകയാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞത്”, ബി.ബി.സി പ്രതിനിധികളോട് ഷി പറഞ്ഞു.
അതേസമയം സ്വന്തം അഭിപ്രായങ്ങള്‍ മാത്രമാണ് പ്രൊഫസര്‍ ഷി പറയുന്നതെന്നും അവര്‍ പറയുന്നതിന് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ബി.ബി.സി പ്രതിനിധികളോട് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പ്രതികരിച്ചു.
അതേസമയം ഷിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമോ എന്നതുമായി ബന്ധപ്പെട്ട് കൂടുതള്‍ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ല. വുഹാനിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്ന് സംഘടന നേരത്തെ അറിയിച്ചിരുന്നു.