| Wednesday, 19th August 2020, 5:17 pm

മാസ്‌ക് വേണ്ട, സാമൂഹിക അകലമില്ല; കൊവിഡിനെ പിടിച്ചുകെട്ടിയ വുഹാനില്‍ മ്യൂസിക്കല്‍ നിശാപാര്‍ട്ടികള്‍ സജീവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വുഹാന്‍: ഈ കൊവിഡ് മഹാമാരി കാലത്ത് ആയിരക്കണക്കിന് പേര്‍ മാസ്‌കുകള്‍ ധരിക്കാതെ തോളോടുതോള്‍ സ്വിംമ്മിംഗ് ഫ്‌ളോട്ടുകളിലിരുന്ന് ചേര്‍ന്ന് മ്യൂസിക്കല്‍ പബ്ബുകളില്‍ ആഘോഷിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നുണ്ടോ?

എന്നാല്‍ അത്തരം പാര്‍ട്ടികള്‍ നടത്താനും സാധാരണ സാമൂഹിക ജീവിതം നയിക്കാനും സാധിച്ചവരാണ് ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ജനങ്ങള്‍. മേല്‍പ്പറഞ്ഞ ആഘോഷങ്ങള്‍ നടന്നത് കൊവിഡിന്റെ ഉദ്ഭവ കേന്ദ്രമായ വുഹാനിലാണ്.

വുഹാനിലെ മയ ബീച്ച് വാട്ടര്‍ പാര്‍ക്കിലെ ഈ കാഴ്ച വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലോകരാജ്യങ്ങള്‍ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കെയാണ് വുഹാനിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നത്.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ മൂന്ന് മാസം കര്‍ശന ലോക്ഡൗണ്‍ ആണ് ചൈനയില്‍ ഏര്‍പ്പെടുത്തിയത്. മൂന്ന് മാസത്തിനു ശേഷം രോഗവ്യാപനം നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും ചൈനയ്ക്ക് കഴിഞ്ഞു.

2020 ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പതിനേഴ് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 400 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്.

ഒരാഴ്ചയ്ക്ക് ശേഷം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമാണ് കൊവിഡ് എന്നും നിയന്ത്രണങ്ങള്‍ ലോകരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്ന കണ്ടെത്തലില്‍ എത്തുകയും ചെയ്തു. പിന്നീടങ്ങോട്ട് പ്രതിരോധത്തിന്റെ നാളുകളായിരുന്നു.

ഏകദേശം 11 ലക്ഷത്തോളം പേര്‍ പൂര്‍ണ്ണമായും നിയന്ത്രണങ്ങളിലാക്കി. പതിനായിരക്കണക്കിന് പേര്‍ കര്‍ശന ക്വാറന്റീനിലാക്കി, പൊതുസ്ഥലങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കി- ഇതായിരുന്നു വുഹാനിലെ കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ചൈനയുടെ പ്രധാന തന്ത്രം.

ഇതിന്റെ ഫലമായി രോഗവ്യാപനം കുറയാന്‍ തുടങ്ങി. മാര്‍ച്ച് എട്ടു മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിത്തുടങ്ങി. പിന്നീട് ഏപ്രില്‍ ആയപ്പോഴെക്കും ലോക്ഡൗണ്‍ പൂര്‍ണ്ണമായും ഒഴിവാക്കി. അതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. സ്‌കൂള്‍ , സിനിമ തിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ വീണ്ടും പുനരാരംഭിച്ചു. പ്രതിരോധ സംവിധാനങ്ങളായ മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും വുഹാനിലെ ജനത കൊവിഡിനെ അകറ്റി നിര്‍ത്തി.

ഇന്ന് വുഹാനില്‍ ജനജീവിതം സാധാരണനിലയായിരിക്കുകയാണ്. ഹോഹ വാട്ടര്‍ ഇലക്ട്രിക്കല്‍ മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടി ദൃശ്യങ്ങള്‍ ഇക്കാര്യം തെളിയിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: wuhan corona virus resistence

Latest Stories

We use cookies to give you the best possible experience. Learn more