| Monday, 23rd September 2024, 7:27 pm

ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ഇവരോ? കുതിപ്പ് തുടര്‍ന്ന് സര്‍പ്രൈസ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ നില മെച്ചപ്പെടുത്തി ശ്രീലങ്ക. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ തങ്ങളുടെ വിജയശതമാനം 50ലെത്തിക്കാന്‍ ലങ്കയ്ക്കായി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്യുന്ന ടീമിനാണ് ഫൈനല്‍ കളിക്കാന്‍ യോഗ്യത ലഭിക്കുക. നിലവില്‍ ഇന്ത്യയാണ് ഒന്നാമത്. നിലവിലെ ടെസ്റ്റ് മെയ്‌സ് ജേതാക്കളായ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിള്‍

(ടീം – മത്സരം – വിജയം – പോയിന്റ് – ജയശതമാനം എന്നീ ക്രമത്തില്‍ )

ഇന്ത്യ – 10 – 7 – 86 – 71.67

ഓസ്‌ട്രേലിയ – 12 – 90 – 62.50

ശ്രീലങ്ക – 8 – 4 – 48 – 50

ന്യൂസിലാന്‍ഡ് – 7 – 3 – 36 – 42.85

ഇംഗ്ലണ്ട് – 16 – 8 – 81 – 42.19

ബംഗ്ലാദേശ് – 7 – 3 – 33 – 39.29

സൗത്ത് ആഫ്രിക്ക – 6 – 2 – 38.89

വെസ്റ്റ് ഇന്‍ഡീസ് – 9 – 1 – 18.52

നിലവിലെ മികച്ച പ്രകടനം തുടരുകയാണെങ്കില്‍ ഇന്ത്യക്ക് ഉറപ്പായും ഡബ്ല്യൂ.ടി.സി ഫൈനല്‍ കളിക്കാന്‍ സാധിക്കും. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം മത്സരവും ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയുമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. കിവികള്‍ക്കെതിരെയും ഇന്ത്യ സ്വന്തം തട്ടകത്തില്‍ തന്നെയാണ് കളിക്കുക. ഈ ഹോം അഡ്വാന്റേജ് മുതലാക്കാനായാല്‍ ഫൈനലിലേക്ക് ഒരു ചുവടുകൂടി വെക്കാന്‍ ഇന്ത്യക്ക് സാധിക്കും

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ അവസാന പരമ്പരക്കായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തും. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കളുടെ നാട്ടില്‍ കളിക്കുക. ഇന്ത്യക്കെതിരെ നടക്കുന്ന ഈ പരമ്പരയായിരിക്കും കങ്കാരുക്കളുടെ വിധി തീരുമാനിക്കുക. ഇതിന് ശേഷം രണ്ട് മത്സരങ്ങളുടെ പരമ്പര ഓസീസ് കളിക്കുമെങ്കിലും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയായിരിക്കും ടീമിന്റെ ജയശതമാനത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തുക.

കഴിഞ്ഞ രണ്ട് തവണയും സ്വന്തം തട്ടകത്തില്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ തുടരുന്ന മികച്ച ഫോം ഇന്ത്യ ഓസ്‌ട്രേലിയയിലും കണ്ടെത്തിയാല്‍ പാറ്റ് കമ്മിന്‍സും സംഘവും ഫൈനല്‍ കളിക്കാന്‍ വിയര്‍ക്കേണ്ടി വരും.

അതേസമയം, ശ്രീലങ്കയെ സംബന്ധിച്ചും മുമ്പിലുള്ള അഞ്ച് മത്സരങ്ങള്‍ നിര്‍ണായകമാണ്. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലും ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ നടക്കുന്ന പരമ്പരകളിലെ രണ്ട് വീതം മത്സരത്തിലും വിജയം കണ്ടെത്താന്‍ സാധിച്ചാല്‍ ടീമിന്റെ വിജയശതമാനം 69.23 ആയി ഉയരും. ഒരര്‍ത്ഥത്തില്‍ ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള വോണ്‍-മുരളീധരന്‍ ട്രോഫിയായിരിക്കും ഇരു ടീമിന്റെയും ഫൈനല്‍ പ്രതീക്ഷകളില്‍ നിര്‍ണായകമാവുക.

ഒരുപക്ഷേ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ സമഗ്രാധിപത്യം പുലര്‍ത്തുകയും വോണ്‍-മുരളീധരന്‍ ട്രോഫിയില്‍ തകരുകയും ചെയ്താല്‍ ശ്രീലങ്ക-ഓസ്‌ട്രേലിയ ഫൈനലിനുള്ള വിദൂര സാധ്യതകളുമുണ്ട്.

Content Highlight: WTC standings 2023-25: Sri Lanka eyeing for the finals

Latest Stories

We use cookies to give you the best possible experience. Learn more