വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനമാണ് തങ്ങള്‍ പുറത്തെടുക്കുന്നതെന്നും ഇത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ബാവുമ പറഞ്ഞു.
പാകിസ്ഥാനെതിരായ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് ബാവുമ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ചും പ്രോട്ടിയാസിന്റെ സാധ്യതകളെ കുറിച്ചും സംസാരിച്ചത്.
‘വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നത് റെഡ് ബോള്‍ താരങ്ങളുടെ വേള്‍ഡ് കപ്പാണ്. ഫൈനല്‍ കളിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.
ഫൈനലിലെത്താന്‍ ഞങ്ങള്‍ തന്നെ സ്വയം മികച്ച അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. ഞങ്ങളതിന് (ഡബ്ല്യൂ.ടി.സി ഫൈനല്‍) വളരെ അടുത്താണ്. ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ പുറത്തെടുക്കുന്നത്. അത് തുടരാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്,’ ബാവുമ പറഞ്ഞു.
നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് സൗത്ത് ആഫ്രിക്ക. ഈ സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 63.33 എന്ന മികച്ച പോയിന്റ് ശതമാനമാണ് പ്രോട്ടിയാസിനുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കും മൂന്നാമതുള്ള ഇന്ത്യയ്ക്കും യഥാക്രമം 58.89, 55.88 എന്നിങ്ങനെയാണ് പോയിന്റ് ശതമാനമുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകള്‍ക്കാണ് ഫൈനല്‍ കളിക്കാന്‍ അവസരമൊരുങ്ങുക.
തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ഒന്നില്‍ വിജയിച്ചാല്‍ സൗത്ത് ആഫ്രിക്കക്ക് ഫൈനലുറപ്പിക്കാം. രണ്ട് വണ്‍ ഓഫ് ടെസ്റ്റുകള്‍ക്കും സൗത്ത് ആഫ്രിക്ക തന്നെയാണ് വേദിയാകുന്നത്.
ഇന്ത്യ – ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്ന അതേ ദിവസം തന്നെയാണ് സൗത്ത് ആഫ്രിക്ക ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടുന്നത്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കാണ് വേദി. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ രണ്ടാം വണ്‍ ഓഫ് ടെസ്റ്റും നടക്കും. ന്യൂലാന്‍ഡ്‌സാണ് വേദി.
സ്വന്തം തട്ടകത്തില്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആവേശത്തിലാണ് സൗത്ത് ആഫ്രിക്ക. പാകിസ്ഥാനെതിരെ വിജയിച്ച് ഫൈനല്‍ ബെര്‍ത്തുറപ്പിക്കാന്‍ തന്നെയാകും ബാവുമയുടെയും സംഘത്തിന്റെയും ലക്ഷ്യം. മികച്ച പ്രകടനവുമായി മുമ്പില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റനും ഓള്‍ റൗണ്ട് പ്രകടനവുമായി തിളങ്ങുന്ന മാര്‍ക്കോ യാന്‍സെനും അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ റിയാന്‍ റിക്കല്‍ട്ടണും അടങ്ങുന്ന പ്രോട്ടിയാസ് നിര രണ്ടും കല്‍പിച്ച് തന്നെയാണ്.
അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം ഹോം ടെസ്റ്റ് വിജയിച്ചതിന്റെ ആവേശത്തിലാണ് പാകിസ്ഥാന്‍. ഒക്ടോബറിലാണ് പാകിസ്ഥാന്‍ അവസാന ടെസ്റ്റ് കളിച്ചത്.
ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് 2-1നാണ് ആതിഥേയര്‍ വിജയിച്ചിരുന്നു. ബാബര്‍ അസം അടക്കമുള്ള താരങ്ങള്‍ ഇല്ലാതിരുന്ന മത്സരത്തില്‍ സാജിദ് ഖാന്റെയും നോമന്‍ അലിയുടെയും ബൗളിങ് മികവിലാണ് പാകിസ്ഥാന്‍ വിജയിച്ചത്.
Content Highlight: WTC 2023-25: South Africa captain Temba Bavuma about World Test Championship Final