വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തതിന് പിന്നാലെയാണ് ഓസീസ് രണ്ടാം സ്ഥാനത്തെത്തിയത്.
സൈക്കിളില്‍ 12 മത്സരം കളിച്ച ഓസീസ് എട്ടെണ്ണത്തില്‍ വിജയിക്കുകയും മൂന്ന് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഒരു മത്സരം സമനിലയിലും കലാശിച്ചു.
Australia’s thrilling win in Christchurch has propelled them to the second spot in the #WTC25 standings 🙌
Full table ➡️ https://t.co/ELy3JEqN8j pic.twitter.com/bQRvPeibBs
— ICC (@ICC) March 11, 2024
90 പോയിന്റാണ് നിലവില്‍ ഓസ്‌ട്രേലിയക്കുള്ളത്. 74 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. പോയിന്റ് പേര്‍സന്റേജാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള പട്ടികയില്‍ പരിഗണിക്കുന്നത്. ആകെ കളിച്ച മത്സരവും വിജയവും കണക്കിലെടുത്താണ് ശതമാനം കണക്കാക്കുന്നത്.
ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി 36 പോയിന്റാണ് കിവികള്‍ക്കുള്ളത്.
ജയത്തിന് 12 പോയിന്റും മത്സരം സമനിലയില്‍ കലാശിച്ചാല്‍ ആറ് പോയിന്റുമാണ് ടീമുകള്‍ക്ക് ലഭിക്കുക.
പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് 2025ല്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റമുട്ടുക.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
2019-21 സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും 2021-23 സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയും കിരീടം സ്വന്തമാക്കി. ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ മറ്റൊരു ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനലിന് ഇംഗ്ലണ്ട് സാക്ഷിയാകും.
2023-25 സൈക്കിളിലെ പട്ടികയില്‍ ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി 12 പോയിന്റാണ് ബംഗ്ലാദേശിനുള്ളത്.
പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് പോയിന്റ് പട്ടികയില്‍ യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുള്ളത്.
പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ഇംഗ്ലണ്ട് ഒമ്പതാം സ്ഥാനത്താണ്. രണ്ട് മത്സരം കളിക്കുകയും ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത ശ്രീലങ്കയാണ് അവസാന സ്ഥാനത്തുള്ളത്.
Content Highlight: WTC 2023-25 point table