|

ഈ ജയം വിന്‍ഡീസ് മറന്നാലും തോല്‍വി പാകിസ്ഥാന്‍ മറക്കില്ല; ബംഗ്ലാദേശിനും താഴെ അവസാന സ്ഥാനത്ത്, നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ പാകിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും അവസാനിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മുള്‍ട്ടാന്‍ ടെസ്റ്റായിരുന്നു ഈ സൈക്കിളിലെ അവസാന മത്സരം. മത്സരത്തില്‍ ഹോം ടീമിനെ 120 റണ്‍സിന് തകര്‍ത്ത് വിന്‍ഡീസ് പരമ്പര കൈവിടാതെ കാത്തു.

ഈ പരാജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ ഫിനിഷ് ചെയ്തത്. 47 പോയിന്റും 27.98 എന്ന പോയിന്റ് ശതമാനവുമാണ് പാകിസ്ഥാനുള്ളത്. 28.21 എന്ന പോയിന്റ് പേര്‍സെന്റേജുമായാണ് വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്തെത്തിയത്.

ഈ സൈക്കിളില്‍ 14 മത്സരമാണ് പാകിസ്ഥാന്‍ കളിച്ചത്. അഞ്ച് ടെസ്റ്റ് വിജയിച്ചപ്പോള്‍ ഒമ്പത് മത്സരത്തില്‍ പരാജയപ്പെട്ടു. ഇതിനൊപ്പം ലഭിച്ച പോയിന്റില്‍ നിന്നും പലപ്പോഴായി 13 പോയിന്റുകളും വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു. മോശം ഓവര്‍ നിരക്ക് അടക്കമുള്ള കാരണങ്ങളാലാണ് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സ്റ്റാന്‍ഡിങ്‌സ്

(ടീം – മത്സരം – ജയം – തോല്‍വി – സമനില – പോയിന്റ് – പോയിന്റ് ശതമാനം എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക (Q) – 12 – 8 – 3 – 1 – 100 – 69.44

ഓസ്‌ട്രേലിയ (Q) – 17 – 11 – 4 – 2 – 130 – 63.73

ഇന്ത്യ – 19 – 9 – 8 – 2 – 114 – 50.00

ന്യൂസിലാന്‍ഡ് – 14 – 7 – 7 – 81 – 48.21

ശ്രീലങ്ക – 11 – 5 – 6 – 60 – 45.45

ഇംഗ്ലണ്ട് – 22 – 11 – 10 – 1 – 114 – 43.18

ബംഗ്ലാദേശ് – 12 – 4 – 8 – 45 – 31.25

വെസ്റ്റ് ഇന്‍ഡീസ് – 13 – 3 – 8 – 2 – 44 – 28.21

പാകിസ്ഥാന്‍ – 14 – 5 – 9 – 0 – 47 – 27.98

(Q – വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയ ടീമുകള്‍)

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സ്റ്റാന്‍ഡിങ്‌സിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക

ഇതാദ്യമായാണ് പാകിസ്ഥാന്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനത്തെത്തുന്നത്. 2019-21 സൈക്കിളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍ ഇടം നേടിയത്. 2021-23 സൈക്കിളില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ഈ രണ്ട് തവണയും ബംഗ്ലാദേശാണ് അവസാന സ്ഥാനത്തുണ്ടായിരുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സൈക്കിളില്‍ ആറ് പരമ്പരകളാണ് പാകിസ്ഥാന്‍ കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തിലും വിജയം ബാബറിനും സംഘത്തിനുമൊപ്പം നിന്നു.

ആറ് പരമ്പരയിലുമായി 12 മത്സരമാണ് പാകിസ്ഥാന്‍ കളിച്ചത്. നാലെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ആഞ്ച് മത്സരത്തില്‍ പരാജയപ്പെട്ടു. മൂന്ന് കളി സമനിലയിലും അവസാനിച്ചു.

2021-23ല്‍ കളിച്ച 14 മത്സരത്തില്‍ നാല് കളിയാണ് പാകിസ്ഥാന്‍ വിജയിച്ചത്. ആറ് മത്സരം തോറ്റപ്പോള്‍ നാല് ടെസ്റ്റ് സമനിലയിലുമായി.

അതേസമയം, 1990ന് ശേഷം പാകിസ്ഥാനില്‍ ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസില്‍ പാകിസ്ഥാന്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ്: 163 & 244

പാകിസ്ഥാന്‍: 154 & 133 (T: 254)

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോം ടീം വെസ്റ്റ് ഇന്‍ഡീസിനെ 127 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 120 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് സന്ദര്‍ശകര്‍ പരമ്പര സമനിലയില്‍ അവസാനിപ്പിച്ചത്.

Content highlight: WTC 2023-25: Pakistan finishes last in World Test Championship points table