ഒറ്റ വിക്കറ്റില്‍ ഐതിഹാസിക റെക്കോഡ്; കുഞ്ഞന്‍ സ്‌കോര്‍, പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യന്‍ പടക്കുതിരകള്‍
Sports News
ഒറ്റ വിക്കറ്റില്‍ ഐതിഹാസിക റെക്കോഡ്; കുഞ്ഞന്‍ സ്‌കോര്‍, പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യന്‍ പടക്കുതിരകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2024, 5:23 pm

 

ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് 106 റണ്‍സ് വിജയലക്ഷ്യം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാനെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് ഇന്ത്യ ആദ്യ ജയം ലക്ഷ്യമിടുന്നത്.

28 റണ്‍സ് നേടിയ നിദ ദാറാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 17 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുബീന അലിയാണ് പാകിസ്ഥാന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒമാനിയ സൊഹാലി, നിദ ദാര്‍, ആലിയ റിയാസ് എന്നിവരെയാണ് താരം പുറത്താക്കിയത്. ശ്രേയാങ്ക പാട്ടീല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ രേണുക സിങ്, ആശ ശോഭന, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു രേണുക സിങ്ങിന്റെ വിക്കറ്റ് നേട്ടം. ഓപ്പണര്‍ ഗുല്‍ ഫെറോസയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് രേണുക മടക്കിയത്. നാല് പന്തില്‍ റണ്ണൊന്നും നേടാതെയാണ് താരം പുറത്തായത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും രേണുക സിങ് സ്വന്തമാക്കി. അന്താരാഷ്ട്ര വനിതാ ടി-20കളില്‍ ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാരുടെ പട്ടികയില്‍ ടോപ് ഫൈവില്‍ ഇടം നേടിയാണ് സിങ് തിളങ്ങിയത്. ഇത് 12ാം തവണയാണ് രേണുക സിങ് ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്നത്.

അന്താരാഷ്ട്ര വനിതാ ടി-20യിലെ ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

(താരം – ടീം – വിക്കറ്റഅ എന്നീ ക്രമത്തില്‍)

കാതറിന്‍ സ്‌കിവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 19

ചാനിദ സുത്തിരുവാങ് – തായ്‌ലാന്‍ഡ് – 13

ഉദ്ദേശിക പ്രബോധിനി – ശ്രീലങ്ക – 13

മേഗന്‍ ഷട്ട് – ഓസ്‌ട്രേലിയ – 13

രേണുക സിങ് താക്കൂര്‍ – ഇന്ത്യ – 12*

അതേസമയം, ലോകകപ്പിലെ ആദ്യ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ കൂറ്റന്‍ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 102 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാന്‍ ഇന്ത്യക്ക് പാകിസ്ഥാനെതിരെ വിജയം അനിവാര്യമാണ്.

 

Content highlight: WT20 World Cup: IND vs PAK: Renuka Singh in record achievement