സൗദിയിലെ നിയോം നഗരത്തിലെ ബീച്ച് റിസോര്‍ട്ടില്‍ മദ്യം ലഭ്യമാക്കും; റിപ്പോര്‍ട്ട്
World News
സൗദിയിലെ നിയോം നഗരത്തിലെ ബീച്ച് റിസോര്‍ട്ടില്‍ മദ്യം ലഭ്യമാക്കും; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th September 2022, 8:18 am

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന നിയോം മെഗാസിറ്റിയില്‍ മദ്യം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന നിയോം സിറ്റിയിലെ ബീച്ച് റിസോര്‍ട്ടില്‍ മദ്യം വിളമ്പുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു പ്രീമിയം വൈന്‍ ബാര്‍, ഒരു കോക്‌ടെയ്ല്‍ ബാര്‍, ഒരു ‘ഷാംപെയ്ന്‍ ആന്‍ഡ് ഡെസേര്‍ട്ട്‌സ്’ ബാര്‍ എന്നിവ 2023ല്‍ തുറക്കാന്‍ പോകുന്ന ചെങ്കടല്‍ ദ്വീപായ സിന്ദാലയുടെ (Sindalah) ഭാഗമാകുമെന്നാണ് രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്.

മദ്യത്തിന്റെ ഇറക്കുമതിയും നിര്‍മാണവും വില്‍പനയും ഉപയോഗവും പൂര്‍ണമായും നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. വിലക്ക് ലംഘിച്ചാല്‍ പിഴയും തടവും ചാട്ടവാറടിയുമടക്കം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

വോഡ്ക, വിസ്‌കി, വൈന്‍ എന്നിവയുടെ കുപ്പികള്‍ക്ക് മുന്നില്‍ കോക്ക്‌ടെയിലുകള്‍ ഒഴിക്കുന്നതായുള്ള ചിത്രങ്ങള്‍ ബീച്ച് റിസോര്‍ട്ട് ഐലന്‍ഡിനായുള്ള പ്ലാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, നിയോം സിറ്റിക്ക് സ്വന്തമായി പ്രത്യേക പദവി നല്‍കുമെന്നും അതുവഴി അവിടെ മദ്യത്തിന്റെ ഉപയോഗം അനുവദിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളെ നേരത്തെ സൗദി തള്ളിയിരുന്നു. എന്നാല്‍ മദ്യം അനുവദിക്കേണ്ടതുണ്ടോ എന്ന വിഷയം തള്ളിക്കളയേണ്ടതില്ലെന്ന് നിയോമിന്റെ മുന്‍ ടൂറിസം വിഭാഗം തലവന്‍ ആന്‍ഡ്രൂ മക്ഇവോയ് പ്രതികരിച്ചിരുന്നു.

സൗദി ഭരണകൂടത്തിന്റെ ഭാഗമാകുമെങ്കിലും നിയോം സിറ്റിക്ക് സ്വന്തമായി എക്കണോമിക് ലെജിസ്ലേഷന്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക- നിക്ഷേപ പദ്ധതിയായ നിയോം സൗദിയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ താബൂക്കിലാണ് നിര്‍മിക്കുന്നത്. സ്മാര്‍ട് സിറ്റി ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ നഗരം ലോക ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്.

500 ബില്യണ്‍ ഡോളറിന്റെ നിയോം പദ്ധതിക്ക് 2017ലായിരുന്നു ഔദ്യോഗികമായി തുടക്കമിട്ടത്. കിരീടാവകാശി മുഹമ്മദി ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതി കൂടിയാണ് നിയോം.

ന്യൂയോര്‍ക്ക് നഗരത്തിനേക്കാള്‍ 33 മടങ്ങ് വലിപ്പമായിരിക്കും ‘വെള്ളത്തില്‍ ഒഴുകുന്ന’ നിയോം മെഗാ സിറ്റിക്കുണ്ടാവുക എന്നാണ് സൗദി അധികൃതര്‍ അവകാശപ്പെടുന്നത്.

Content Highlight: WSJ report says Saudi Arabian megacity Neom will serve alcohol on beach resort island