മൃതദേഹത്തിനരികിലെ സെല്‍ഫി; രോഷം കൊണ്ടവരറിയാന്‍
Daily News
മൃതദേഹത്തിനരികിലെ സെല്‍ഫി; രോഷം കൊണ്ടവരറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2016, 10:13 pm

കേരള പോലീസ് റോഡ് സേഫ്റ്റിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഷോര്‍ട്ട്ഫിലിമിന്റെ ചിത്രീകരവേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇവ.


കായംകുളം: സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പല ചിത്രങ്ങളും വിവരങ്ങളും കണ്ണുമടച്ച് വിശ്വസിക്കുന്നവരാണ് ചിലരെങ്കിലും. ഇത്തരത്തില്‍ പലരും അബദ്ധങ്ങളില്‍ ചെന്ന് ചാടാറുമുണ്ട്. വരുന്ന ചിത്രങ്ങളുടെയോ വാര്‍ത്തകളുടെയോ സത്യാവസ്ഥ അന്വേഷിക്കാതെയാകും പലരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും, രോഷം കൊള്ളുന്നതും മറ്റും.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസമാണ് മൃതദേഹത്തിനരികെ ചിരിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സെല്‍ഫി ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പിലും മറ്റും വൈറലായി മാറിയത്. മൃതദേഹത്തിനരികിലെ സെല്‍ഫി ചിത്രങ്ങള്‍ കണ്ട പലരും ഇത് യഥാര്‍ഥത്തില്‍ നടന്നതാണെന്ന് തന്നെ വിശ്വസിച്ചു. ഉടനെ കുടുംബത്തെയും മലയാളികളുടെ സെല്‍ഫി ഭ്രാന്തിനെയും സംസ്‌കാരത്തെയുമൊക്കെ വിമര്‍ശിച്ച് പോസ്റ്റുകളും വന്നു. എന്നാലാരും ഇതിനു പിന്നിലെ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചില്ല.
selfie
കേരള പോലീസ് റോഡ് സേഫ്റ്റിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഷോര്‍ട്ട്ഫിലിമിന്റെ ചിത്രീകരവേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇവ. കായംകുളം സ്വദേശിയായ ജയകുമാര്‍ ദേവപ്രിയ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇവയാണ് സത്യാവസ്ഥയറിയാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വിമര്‍ശനങ്ങള്‍ നേടിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരിലൊരാളാണ് ഇദ്ദേഹം.

സംഭവം വിവാദമായതോടെ ജയകുമാര്‍ തന്നെ ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടതില്‍ ഫേസ്ബുക്കിലൂടെ ക്ഷമ പറയുകയും ചെയ്തിട്ടുണ്ട്. ജയകുമാര്‍ പോസ്റ്റ് ചെയത ചിത്രങ്ങള്‍ ചിലര്‍ ഇത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു.