| Friday, 20th December 2024, 6:17 pm

വയനാട് ഉപതെരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി; പ്രിയങ്ക ഗാന്ധിക്കെതിരെ ഹരജി നല്‍കി ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പില്‍ തെറ്റായ ആസ്തിവിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരുന്ന നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ശരിയായ വിവരങ്ങള്‍ മറച്ച് വെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് നവ്യ ഹരിദാസിന്റെ ആരോപണം.

ആരോപണങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജിയാണ് നവ്യ ഹരിദാസ് നല്‍കിയിരിക്കുന്നത്. ഇന്ന് ഉച്ചയോടുകൂടിയാണ് ഹരജി സമര്‍പ്പിച്ചത്.

ക്രിസ്തുമസ് അവധിക്ക് ശേഷം ജനുവരി ആറിന് കോടതി തുറക്കുമ്പോള്‍ മാത്രമേ കോടതിയുടെ പരിഗണനയിലേക്ക് ഹരജി വരികയുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രിയങ്കാ ഗാന്ധി സ്വത്തുക്കള്‍ മറച്ചുവെച്ചിട്ടുണ്ടെന്നും തന്റെയും കുടുംബാംഗങ്ങളുടെയും ആസ്തി വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നതെന്നുമാണ് ഹരജിയില്‍ പറയുന്നത്.

ഇക്കാരണങ്ങളാല്‍ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും പ്രിയങ്കാ ഗാന്ധിയെ അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലടക്കം പ്രിയങ്ക ഗാന്ധി കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.

Content Highlight: Wrong information given in Wayanad by-election; BJP candidate filed a petition against Priyanka Gandhi

We use cookies to give you the best possible experience. Learn more