| Monday, 28th October 2019, 8:37 pm

'ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിട്ട തിരിച്ചടിക്ക് കാരണം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിലെ വീഴ്ച്ചയും വിഭാഗീയതയും'; ആശ്വാസം അരൂര്‍ എന്നും പി.സി ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിലെ വീഴ്ച്ചയും പാര്‍ട്ടിയിലെ വിഭാഗീയതയുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.

പത്തനംതിട്ടയിലെ കോന്നി അസംബ്ലി മണ്ഡലം 23 വര്‍ഷത്തിന് ശേഷമാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തതെന്നും സമാനമായി വട്ടിയൂര്‍ക്കാവില്‍ 2011 മുതല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സീറ്റാണ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതെന്നും പി.സി ചാക്കോ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഉചിതമായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയും പാര്‍ട്ടിയിലെ വിഭാഗീയതകള്‍ക്ക് വഴങ്ങുന്നതിന് പകരം നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ വിജയസാധ്യത പരിശോധിക്കുകയും ചെയ്തിരുന്നെങ്കില്‍ മാത്രമെ കോണ്‍ഗ്രസിന് ഈ രണ്ട് സീറ്റിലും വിജയിക്കാന്‍ കഴിയുകയുള്ളുവെന്നും’ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പി.സി ചാക്കോ വ്യക്തമാക്കി.

ഇത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ നഷ്ടമുണ്ടാക്കിയെന്നും അതേസമയം 42 വര്‍ഷക്കാലമായി എല്‍.ഡി.എഫ് കോട്ടയായ അരൂര്‍ മണ്ഡലത്തില്‍ 2,079 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് പാര്‍ട്ടിക്ക് ഏക ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 21 ന് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് രണ്ട് സീറ്റിലും യു.ഡി.എഫ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം മെച്ചപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പി.സി ചാക്കോ തള്ളി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേരളത്തില്‍ കാലുറപ്പിക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ ജനങ്ങള്‍ തകര്‍ത്തു. ശബരിമല വിഷയത്തില്‍ ഊന്നിയാണ് പാര്‍ട്ടി പ്രചാരണം നടത്തിയതെന്നും’
അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ജനങ്ങളുടെ വിശ്വാസത്തെയും വികാരത്തെയും മാനിക്കാതെ എല്‍.ഡി.എഫ് തീരുമാനങ്ങള്‍ എടുത്തപ്പോള്‍ ബി.ജെ.പിക്ക് സമാന വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

We use cookies to give you the best possible experience. Learn more