ന്യൂദല്‍ഹി: ബോളിവുഡ് നടി രാഖി സാവന്തിന്റെ വിവാഹത്തില്‍ ഇസ്‌ലാമിനെതിരെ ആരോപണവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രിന്‍.
മുസ്‌ലീമായ ഒരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ രാഖി സാവന്തിന് പോലും ഇസ്‌ലാം മതം സ്വീകരിക്കേണ്ടി വന്നെന്നും മുസ്‌ലിങ്ങളും അമുസ്‌ലിങ്ങളും തമ്മിലുള്ള വിവാഹം അംഗീകരിക്കാന്‍ മറ്റു മതങ്ങളെപ്പോലെ ഇസ്‌ലാമിനും കഴിയേണ്ടതുണ്ടെന്നുമായിരുന്നു തസ്‌ലിമ നസ്രിന്റെ പ്രതികരണം. സുഹൃത്ത് ആദില്‍ ഖാനുമായുള്ള രാഖി സാവന്തിന്റെ വിവാഹ വാര്‍ത്തയിലായിരുന്നു തസ്‌ലിമയുടെ പ്രതികരണം.
‘ രാഖി സാവന്തിന് പോലും ഇസ്‌ലാം മതം സ്വീകരിക്കേണ്ടി വന്നത് അവര്‍ മുസ്‌ലീമായ ഒരാളെ വിവാഹം കഴിച്ചതുകൊണ്ടാണ്. മറ്റ് മതങ്ങളെപ്പോലെ ഇസ്ലാം മതവും മുസ്‌ലീങ്ങളും അമുസ്‌ലീങ്ങളും തമ്മിലുള്ള വിവാഹങ്ങള്‍ അംഗീകരിക്കണം,’ എന്നായിരുന്നു തസ്‌ലിമയുടെ ട്വീറ്റ്.
‘ഇസ്‌ലാം പരിണമിക്കണം. വിമര്‍ശനാത്മക പരിശോധന നടത്തണം. സംസാര സ്വാതന്ത്ര്യം, പ്രവാചക കാര്‍ട്ടൂണുകള്‍, സ്ത്രീ സമത്വം, നിരീശ്വരവാദം, മതേതരത്വം, യുക്തിവാദം, മുസ്‌ലീങ്ങളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, നാഗരികത എന്നിവയെ അംഗീകരിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ആധുനിക സമൂഹത്തില്‍ സ്ഥാനമുണ്ടാകില്ല, എന്നായിരുന്നു മറ്റൊരു ട്വീറ്റില്‍ തസ്‌ലിമ നസ്രിന്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു രാഖി സാവന്തിന്റെയും ആദില്‍ ഖാന്റെയും വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്. രാഖി സാവന്ത് തന്നെ അവരുടെ സോഷ്യല്‍ മീഡിയ പേജ് വഴി വിവാഹ ഫോട്ടോകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
വിവാഹ സര്‍ട്ടിഫിക്കറ്റില്‍ രാഖി സാവന്ത് ഫാത്തിമ എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന ആരോപണമായിരുന്നു ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഇതിന് പിന്നാലെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ രാഖി അനന്ത് സാവന്ത് എന്ന് പേര് രേഖപ്പെടുത്തിയതിന്റെ ചിത്രം രാഖി സാവന്ത് തന്നെ പങ്കുവെച്ചിരുന്നു.
രാഖി സാവന്ത് പേരിനൊപ്പം ഫാത്തിമ എന്ന് കൂടി ചേര്‍ത്തതായി തങ്ങള്‍ക്ക് അറിയില്ലെന്നാണ് വിഷയത്തില്‍ രാഖി സാവന്തിന്റെ സഹോദരന്‍ രാകേഷ് പ്രതികരിച്ചത്. അത്തരമൊരു വിവരം തങ്ങള്‍ക്കില്ലെന്നും അതെല്ലാം അവരുടെ സ്വകാര്യ വിഷയങ്ങള്‍ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുംബൈയിലെ ഓഷിവാരയിലുള്ള രാഖി സാവന്തിന്റെ വീട്ടില്‍ 2022 മെയ് 29 ന് വിവാഹം നടന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് ആദിലിന്റെ പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല.
Content Highlight: Writter Taslima Nasreen On Actress Rakhi Sawant Marriage