കോഴിക്കോട്: പശുവിനെ തൊട്ടാല്‍ നാട്ടില്‍ കലാപമുണ്ടാകുന്ന അവസ്ഥയാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയത് ആരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം കാരപ്പറമ്പ് ജി.എച്ച്.എസ്.എസ്സില്‍ വെച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയെ പിന്തുണച്ച അദ്ദേഹം ഒരു സ്ത്രീ മുഖ്യമന്ത്രിയാവുന്നതാണ് തന്റെ സ്വപ്‌നമെന്നും കൂട്ടിച്ചേര്‍ത്തു.
ഇനിയൊരു ജന്മമുണ്ടെങ്കില്‍ മലയാളിയായി ജനിച്ച് ഇവിടെ തന്നെ ജീവിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ കേരളത്തെ പിന്നോട്ട് വലിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അതിനെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധ്യാപകരുടെ സൃഷ്ടിയാണ് കേരളമെന്നാണ് കരുതുന്നതെന്നും അധ്യാപകന്‍ പൂര്‍ണമാകണമെങ്കില്‍ ഇടതു മനസുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.എ അധ്യാപക കലോത്സവത്തിന്റെ ലോഗോയും സപ്ലിമെന്റും അദ്ദേഹം പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി.പി. രാജീവന്‍ ഏറ്റുവാങ്ങി.
കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.ടി. ജേവരാജന്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlight: Writter M Mukundan about Cow