വയനാട്: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി എഴുത്തുകാനും സാംസ്‌ക്കാരിക നിരീക്ഷകനുമായ കല്‍പ്പറ്റ നാരായണന്‍.
മാവോയിസ്റ്റുകള്‍ക്കെതിരെ ഭരണകൂടം തുടരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികളോട് ശക്തമായി വിയോജിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഒരു ഭരണകൂടത്തിന് ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്താന്‍ അധികാരമില്ലെന്നും കല്‍പ്പറ്റ നാരായണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഞാന്‍ മാവോയിസ്റ്റുകളുടെ സൈനിക രീതിയില്‍ വിശ്വസിക്കുന്ന ഒരാളല്ല, അതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ, മാവോയിസ്റ്റുകള്‍ക്കെതിരെ ഭരണകൂടം തുടരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ പ്രവൃത്തികളോട് ഞാന്‍ ശക്തമായി വിയോജിക്കുകയാണ്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഒരു ഭരണകൂടം ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവൃത്തിക്കേണ്ടത്. അല്ലാതെ ഭരണസംവിധാനങ്ങളെ ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്താന്‍ അവര്‍ക്ക് അധികാരമില്ല. ഒരു വ്യക്തിനടത്തുന്ന കൊലപാതകത്തേക്കാളൊക്കെ എത്രയോ ഭീകരമാണ് ഭരണകൂടം നടത്തുന്ന കൊലപാതകങ്ങള്‍. അടിസ്ഥാന ജനാധിപത്യമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്’- കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
‘എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നു എന്നതൊക്കെ അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണ്. ഉത്തരേന്ത്യയിലൊക്കെ ചിലഘട്ടങ്ങളിലെങ്കിലും ചില സ്ഥലങ്ങളില്‍ അത് അനിവാര്യമായി വരുന്ന സ്ഥിതിയുമുണ്ട്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളെയും അവര്‍ തുടരുന്ന ഹിംസാത്മകതയെയുമൊക്കെ ചര്‍ച്ചകളിലൂടെയും നിയമപരമായ പ്രതിരോധങ്ങളിലൂടെയുമാണ് നേരിടേണ്ടത്.
ഏതര്‍ത്ഥത്തിലാണ് മാവോയിസ്റ്റുകള്‍ കേരളീയ സമൂഹത്തിന് ഇങ്ങനെ മാരകമായ ഒരു ഭീഷണിയാകുന്നത് എന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഭരണകൂടത്തിന്റെ അത്യാധുനിക സംവിധാനങ്ങളെ വിനിയോഗിച്ച് ഈ പാവം മനുഷ്യരെ കൊലപ്പെടുത്തുന്നതിന്റെ യുക്തിയും എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത അപരാധമാണത്’- കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
രാഷ്ട്രീയപ്പാര്‍ട്ടികളും കൂട്ടായ്മകളും മനുഷ്യസ്നേഹികളും കൂട്ടമായി ചേര്‍ന്ന് ഭരണകൂടത്തിന് സൈ്വര്യം നല്‍കാത്ത രീതിയിലുള്ള ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും ഇക്കാര്യത്തില്‍ നടത്താത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനകം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളെല്ലാം ഏറ്റുമുട്ടലുകളാണെന്ന് പൊലീസ് പറയുമ്പോഴും ഒരിക്കല്‍ പോലും ഒരു പൊലിസുകാരന് പരിക്കേറ്റിട്ടില്ല എന്നതിനെ സംശയകരമായേ കാണാന്‍ കഴിയൂവെന്നും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പൊലീസ് സൃഷ്ടിക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്താണ് അതിന് പിറകിലെ താത്പര്യമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.