ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ അടിയന്തരാവസ്ഥ കാര്‍ഡ് ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തിലാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ മോദി ട്വീറ്റുകളുടെ പരമ്പരയിലൂടെ ആഞ്ഞടിച്ചത്.
അടിയന്തരാവസ്ഥയെ ഒരു കറുത്ത കാലമായി ഇന്ത്യ ഓര്‍ക്കുന്നു. എല്ലാ കേന്ദ്രങ്ങളുടേയും അധികാരം നഷ്ടപ്പെട്ട, ഭീതിയുടെ അന്തരീക്ഷം നിലനിന്ന കാലമായിരുന്നു അത്. രാഷ്ട്രീയ ശക്തി കൊണ്ട് ആളുകളേയും ആശയങ്ങളേയും ബന്ധികളാക്കി, മോദി ട്വീറ്റ് ചെയ്തു.
നമുക്ക് നമ്മുടെ ജനാധിപത്യ പാരമ്പര്യം ശക്തമാക്കാന്‍ ശ്രമിക്കാം. എഴുത്തുകളും, സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതല്‍. നമ്മുടെ ഭരണഘടന തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല എന്നും മോദിയുടെ ട്വീറ്റിലുണ്ട്.
1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് 1977ല്‍ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു.
തന്റെ ട്വിറ്ററില്‍ അരുണ്‍ ജെയ്റ്റിലി അടിയന്തരാവസ്ഥയെ കുറിച്ച് എഴുതിയ ബ്ലോഗ് മോദി ഷെയര്‍ ചെയ്തിട്ടുമുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കറുത്ത ദിനങ്ങളെ കുറിച്ച് അരുണ്‍ ജെയ്റ്റിലി എഴുതുന്നു. എങ്ങനെയാണ് വ്യക്തിസ്വാതന്ത്ര്യത്തേയും ഭരണഘടനാ അവകാശങ്ങളേയും അടിയന്തരാവസ്ഥ ഹനിച്ചത് എന്നറിയാന്‍ ജെയ്റ്റിലിയുടെ ബ്ലോഗ് വായിക്കൂ, മോദി പറഞ്ഞു.
ഹിറ്റ്‌ലറേയും ഇന്ദിരാഗാന്ധിയേയും താരതമ്യം ചെയ്ത് കൊണ്ടായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ ബ്ലോഗ്. “ഇന്ദിരാഗാന്ധിയും ഹിറ്റ്‌ലറും ഭരണഘടനയെ റദ്ദുചെയ്തിട്ടില്ല. മറിച്ച്, റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ ഏകാധിപത്യമാക്കി മാറ്റി. പാര്‍ലമെന്റിലെ തന്റെ എതിര്‍കക്ഷികളെയെല്ലാം അറസ്റ്റു ചെയ്ത്, തന്റെ സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്ത ഭരണാധികാരിയാണ് ഹിറ്റ്‌ലര്‍.” ജെയ്റ്റ്‌ലി ട്വിറ്ററിലെഴുതിയ കുറിപ്പുകളില്‍ പറയുന്നു. ഹിറ്റ്‌ലറില്‍ നിന്നും വ്യത്യസ്തമായി ഇന്ദിരാഗാന്ധി ഇന്ത്യയെ ഒരു “വംശാധിഷ്ഠിത ജനാധിപത്യ”മാക്കി മാറ്റിയെന്നും ജെയ്റ്റ്‌ലി പറയുന്നുണ്ട്.