സഞ്ജുവിനെ പോലെ ബി.സി.സി.ഐ പിന്തുണച്ച മറ്റൊരു താരം ഉണ്ടെന്ന് തോന്നുന്നില്ല
IPL
സഞ്ജുവിനെ പോലെ ബി.സി.സി.ഐ പിന്തുണച്ച മറ്റൊരു താരം ഉണ്ടെന്ന് തോന്നുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st May 2022, 8:46 am

8-10 സീസണില്‍ ടോപ് ഓര്‍ഡറില്‍ കളിച്ചിട്ടും ഇതുവരെ ഒരു സീസണിലും 500 റണ്‍സ് തികയ്ക്കാത്ത പ്ലെയര്‍. (ഈ റെക്കോര്‍ഡ് നാഷണല്‍ ടീമിലെ വേറെ ഏതെങ്കിലുമൊരു ടോപ് ഓര്‍ഡര്‍ ബാറ്ററിന് ഉണ്ടെന്ന് തോന്നുന്നില്ല) അപ്പോള്‍ നിങ്ങള്‍ പറയും അതിനെ മറികടക്കാന്‍ പോന്ന സ്‌ട്രൈക്ക് റേറ്റ് ഉണ്ടല്ലോ എന്ന്, തെറ്റാണ്.

135 എന്ന മോഡറേറ്റഡ് സ്‌ട്രൈക്ക് റേറ്റും 29 ആവറേജും മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റും ആവറേജും കമ്പൈന്‍ഡ് ആയുള്ള ഇംപാക്ട് കാല്‍ക്കുലേഷനില്‍ ഏറ്റവും താഴെ നില്‍ക്കുന്ന നാഷണല്‍ ടീം ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് സഞ്ജു.

2020 മുതല്‍ ഐ.പി.എല്ലില്‍ റെഗുലര്‍ ചാന്‍സ് കിട്ടിത്തുടങ്ങിയ ഗില്ലിന് വരെ 3 തവണ 400+ സീസണ്‍ കിട്ടിയപ്പോള്‍ ഇത്രകാലമായി കളിക്കുന്ന ഇദ്ദേഹത്തിനു ആകെ 5 സീസണ്‍ മാത്രമാണ് 400+ സ്‌കോര്‍ ഉണ്ടായിട്ടുള്ളത്. ഗില്‍ ഇന്ത്യന്‍ ടി-20 സ്‌ക്വാഡിന്റെ പരിഗണനയില്‍ പോലും ഇതുവരെ ഇല്ലെന്ന് കൂടി ഓര്‍ക്കുക.

ഇനി ഡൊമസ്റ്റിക് ലെവലിലേക്ക് ഇറങ്ങിയാല്‍ സഞ്ജു 2011ല്‍ അരങ്ങേറിയിട്ടും ഇന്നേ വരെ ഒരു ഫോര്‍മാറ്റിലും, ഒരു സീസണിലും ടോപ് സ്‌കോറര്‍ ആയിട്ടില്ല. ഒരുപക്ഷേ ടോപ് ഫൈവില്‍ വന്നിട്ടുണ്ടോ എന്നും സംശയമാണ്. കേരള ടീമില്‍ തന്നെ പുള്ളിയെക്കാള്‍ ബെറ്റര്‍ ഡൊമസ്റ്റിക് സ്റ്റാറ്റ്‌സ് ഉള്ള ബാറ്റര്‍മാര്‍ ഉണ്ടെന്നത് മറ്റൊരു റിയാലിറ്റി.

ഇനി ഇന്റര്‍നാഷണല്‍ ലെവലിലേക്ക് ഇറങ്ങിയാല്‍ കളിച്ച 12 ഇന്നിംഗ്‌സിലും ടോപ് ഓര്‍ഡറിലാണ് ആണ് അദ്ദേഹത്തെ ഇറക്കിയത്.

അതില്‍ 6 മത്സരങ്ങള്‍ സിംബാബ്‌വേ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് പോലുള്ള ടീമുകളോട്, അതില്‍ത്തന്നെ 3 മത്സരങ്ങള്‍ ശ്രീലങ്കയുടെ ബി ടീമിനോടും. അപ്പോഴും ഒരുതവണ മാത്രമാണ് പുള്ളിക്ക് 30+ റണ്‍സെങ്കിലും കണ്ടെത്താനായത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 120ല്‍ താഴെയും.

പറഞ്ഞുവരുന്നത് സ്റ്റാറ്റ്‌സ് ഇത്ര ദയനീയമായിട്ടും സഞ്ജുവിന് ഇപ്പോളും ഇന്ത്യന്‍ ടീമിന്റെ കണ്‍സിഡറേഷന്‍ കിട്ടുന്നത് സ്റ്റാറ്റ്‌സില്‍ കാണുന്നതിനേക്കാള്‍ പൊട്ടെന്‍ഷ്യല്‍ അയാള്‍ക്കുണ്ടെന്ന വിശ്വാസം കൊണ്ടാണ്.

ഒരര്‍ത്ഥത്തില്‍ മറ്റു പലര്‍ക്കും കിട്ടിയിട്ടില്ലാത്ത പിന്തുണയാണത്. ഉത്തപ്പയൊക്കെ ഓറഞ്ച് ക്യാപ് അടിച്ച കാലത്തും മനീഷ് പണ്ഡ്യയൊക്കെ പീക്കില്‍ നിന്നപ്പോളും കിട്ടിയ അവസരം എങ്ങനെയായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്.

ബി.സി.സി.ഐ ഇത്ര സപ്പോര്‍ട്ട് കൊടുക്കുന്ന പ്ലെയര്‍ ആയിട്ടും ‘അവനെ മലയാളിയായത് കൊണ്ട് ഒതുക്കുന്നേ’, ‘സച്ചിന് സഞ്ജുവിനോട് അസൂയ ആണേ’, ‘ധോണിക്ക് സഞ്ജുവിനോട് അസൂയ ആണേ’ എന്നൊക്ക പറഞ്ഞ് രാജ്യത്തെ പേജുകളില്‍ മൊത്തം കേറി കരയുന്നത് ഈ പുള്ളിക്ക് ഹേറ്റേഴ്സ് ഉണ്ടാക്കാനും ട്രോള്‍ മെറ്റീരിയല്‍ ആവാന്‍ സഹായിക്കുമെന്നല്ലാതെ വേറെ ഗുണമൊന്നും ചെയ്യില്ല.

ഒരിക്കലും പ്രാദേശികവികാരം പ്രകടിപ്പിക്കേണ്ട ഇടമല്ല സ്പോര്‍ട്‌സ് അവിടെ കഴിവ് മാത്രമേ പരിഗണിക്കപ്പെടാവൂ.

സഞ്ജു കഴിവുള്ള കളിക്കാരന്‍ തന്നെയാണ്. എന്നെങ്കിലും അതിനോട് പുള്ളിക്ക് പൂര്‍ണമായി നീതിപുലര്‍ത്താന്‍ കഴിഞ്ഞാല്‍ ആരുടേയും ഔദാര്യം ഇല്ലാതെ തന്നെ പുള്ളിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടും. ദിനേഷ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ് ഒക്കെ അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. അതിനുവേണ്ടി കാത്തിരിക്കാം.

 

രാജ് എസ്.കെ

 

 

Content Highlight: Writeup about Sanju Samson’s stats and his performance