ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിന് അര്‍ഹിച്ച സ്ഥാനം പലപ്പോഴും നഷ്ടമാകാറുണ്ട്. അദ്ദേഹത്തിന്റെ കഴിവിനൊത്ത അവസരങ്ങള്‍ ടീമില്‍ ലഭിച്ചിട്ടില്ല എന്നത് സത്യമായ കാര്യമാണ്. ട്വന്റി 20 ക്രിക്കറ്റില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സഞ്ജുവിന് ടീമില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
അദ്ദേഹത്തിനെ ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ മുറവിളി കൂട്ടുന്ന ആളുകളും കുറവല്ല. ആ മുറവിളി കൂട്ടുന്നത് മലയാളികള്‍ മാത്രമല്ല എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്ന ഒരുപാട് മുന്‍ താരങ്ങളുമുണ്ടായിരുന്നു. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്.
എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുപാടാളുകള്‍ ഉന്നയിക്കുന്ന കാര്യമാണ് റിഷബ് പന്ത് കാരണമാണ് സഞ്ജുവിന് അവസരം ലഭിക്കാത്തത് എന്നുള്ളത്. റിഷബ് പന്തിനേക്കാള്‍ ഇംപാക്റ്റ് സഞ്ജുവിനുണ്ടാക്കാന്‍ സാധിക്കുമെന്നൊക്കെയാണ് ഇവരുടെ വാദം. എന്നാല്‍ അതാണൊ സത്യം? സഞ്ജു കഴിവുള്ള താരമാണെന്നും അദ്ദേഹം ടീമില്‍ ഇംപാക്റ്റ് ഉണ്ടാക്കും എന്നുള്ള കാര്യത്തിലൊന്നും ആര്‍ക്കും ഒരു സംശയമില്ല. എന്നാല്‍ അത്തരത്തിലുള്ള താരം തന്നെയാണ് റിഷബ് പന്തും.
സഞ്ജുവിനെ പോലെതന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പന്തും. ഇരുവരും കളിച്ച ആഭ്യന്തര തലങ്ങളില്‍ സഞ്ജുവിനേക്കാള്‍ ഒരുപിടി മുകളില്‍ തന്നെ പന്തുണ്ടായിരുന്നു. പ്രത്യേകിച്ച് ഡൊമസ്റ്റിക്ക് ലെവല്‍ ടെസ്റ്റ് ക്രിക്കറ്റില്‍.
2015ല്‍ ആദ്യ രഞ്ജി മത്സരത്തില്‍ തന്നെ രഞ്ജി ലെജന്‍ഡ്‌സായ അഷോക് ഡിന്‍ഡയേയും പ്രഗ്യാന്‍ ഓജയേയും വെറും സ്റ്റ്രീറ്റ് ക്രിക്കറ്റ് ബൗളര്‍മാരെ നേരിടുന്ന ലാഘവത്തിലായിരുന്നു പന്ത് നേരിട്ടത്. പിന്നീട് അണ്ടര്‍ 19 ലോകകപ്പിലും 2016ലെ തന്റെ പ്രഥമ ഐ.പി.എല്‍ സീസണിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ആദ്യ സീസണില്‍ 10 മത്സരത്തില്‍ കളിക്കാനിറങ്ങിയ പന്ത് 130 സ്‌ട്രൈക്ക് റേറ്റില്‍ 198 റണ്‍സായിരുന്നു നേടിയത്. ഒരു അര്‍ധസെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു.
എന്നാല്‍ പന്ത് തന്റെ വരവ് അറിയിച്ചത് അടുത്ത സീസണിലായിരുന്നു. 2017ല്‍ ദല്‍ഹിക്ക് വേണ്ടി 165 പ്രഹരശേഷിയില്‍ 366 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഗുജറാത്തിനെതിരെ നേടിയ 97 റണ്‍സ് അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്നിങ്‌സായിരുന്നു. 2018 സീസണില്‍ 173 പ്രഹര ശേഷിയില്‍ 684 റണ്‍സ് നേടിയ പന്ത് താന്‍ ആരാണെന്നും എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും തെളിയിച്ച വര്‍ഷമായിരുന്നു. പന്തിന്റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണും ഇതായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ സ്വിങ് കിങ് ഭുവനേശ്വര്‍ കുമാറിനെ എടുത്തലക്കിയ ഇന്നിങ്‌സൊന്നും ആരും മറക്കാന്‍ സാധിക്കില്ല. ഇതുവരെയുള്ള ഐ.പി.എല്‍ കരിയറില്‍ 98 മത്സരത്തില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളത് 2838 റണ്‍സാണ്. 147 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
2013 ഐ.പി.എല്ലില്‍ അരങ്ങേറിയ സഞ്ജു 134 ഇന്നിങ്‌സില്‍ 3526 റണ്‍സാണ് നേടിയത്. 135 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഐ.പി.എല്‍ സ്‌ട്രൈക്ക് റേറ്റായാലും ശരാശരിയായാലും പന്ത് ഏറെ മുന്നില്‍ നില്‍ക്കും. അതോടൊപ്പം പന്ത് ലെഫ്റ്റ് ഹാന്‍ഡര്‍ ആണെന്നുള്ളത് അദ്ദേഹത്തിന് കുറച്ചുകൂടി അഡ്‌വാന്റേജ് നല്‍കുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇരുവരേയും താരതമ്യം ചെയ്താല്‍ പന്ത് ഏറെ മുമ്പിലാണ്. സഞ്ജുവിന്റെ ടാലന്റിനൊത്ത പ്രകടനം അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നടത്തിയിട്ടില്ല എന്നത് പച്ചയായ വാസ്തവമാണ്. പിന്നെ ഏത് പോയിന്റിലാണ് സഞ്ജു ഫാന്‍സിന് പന്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല എന്ന് തോന്നുന്നത്?
ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് നടന്നുകയറുന്ന പന്തിന് മേല്‍ ഉയരുന്ന വിമര്‍ശനമാണ് അദ്ദേഹം ട്വന്റി 20യില്‍ മികച്ച പ്രകടനമൊന്നും കാഴ്ചവെക്കുന്നില്ല എന്നുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്നും വാദിക്കുന്നവരുണ്ട്.
പന്തിനെ ടെസ്റ്റില്‍ മാത്രം കളിപ്പിക്കണമെന്നാണ് ഇവരുടെ വാദം. ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ഫോര്‍മാറ്റില്‍ തന്റെ കഴിവ് തെളിയിച്ച പന്തിന് ട്വന്റി-20യില്‍ ബാക്കപ്പ് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? സാക്ഷാല്‍ എം.എസ്. ധോണിക്ക് പോലും സ്വപ്‌നം മാത്രമായിരുന്ന ഏഷ്യക്ക് പുറത്തുള്ള സെഞ്ച്വറി ഈ 24 വയസിനുള്ളില്‍ അഞ്ച് തവണയാണ് പന്ത് നേടിയിട്ടുള്ളത്.
ഇപ്പോഴിതാ ഏകദിനത്തിലും അദ്ദേഹം വരവറിയിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ പരമ്പര നിര്‍ണയിക്കുന്ന മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീമിനെ 125 റണ്‍സ് നേടി വിജയത്തിലേക്കെത്തിച്ചത് റിഷബ് പന്താണ്. ഇതുപോലുള്ള കഠിനമായ സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് അദ്ദേഹത്തിന്റെ മനോനില. ചരിത്രമായ ഗാബ്ബ വിജയമൊക്കെ ഏതെങ്കിലും ഇന്ത്യന്‍ ആരാധകന് മറക്കാന്‍ സാധിക്കുമോ.
‘When going gets tough, Tough gets going’ എന്നൊരു പ്രയോഗമുണ്ട്, റിഷബ് പന്തിന്റെ ഇതുവരേയുള്ള കരിയറിനെ ആ വാചകത്തില്‍ സൂചിപ്പിക്കാം. സിറ്റുവേഷന്‍ മോശമാകുമ്പോള്‍, വിക്കറ്റുകള്‍ വീഴുമ്പോള്‍ ഒരറ്റത്ത് നിന്നും കൗണ്ടര്‍ അറ്റാക്ക് ചെയ്തുകൊണ്ട് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും എതിര്‍ ടീമിനെ മാനസികമായി തളര്‍ത്താനും അദ്ദേഹത്തിന് കഴിയും. അതാണ് അദ്ദേഹത്തെ ഒരു ചാമ്പ്യന്‍ പ്ലെയറാക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ അടുത്ത സൂപ്പര്‍താരം !
സഞ്ജുവിനെ ഇന്ത്യന്‍ ടീം തഴയുന്നുണ്ട് എന്ന കാര്യം വാസ്തവമാണ്. ക്രിക്കറ്റിലെ ലോബി കളി പകല്‍ പോലെ സത്യമാണ്. എന്നാല്‍ റിഷബ് പന്തല്ല അതിനുത്തരവാദി സഞ്ജുവിനെപോലെതന്നെ അദ്ദേഹവും ടാലന്റഡാണ്, ഒരുപക്ഷെ സഞ്ജുവിനേക്കാള്‍. ഇന്ത്യന്‍ ടീമില്‍ ഇരുവരും ഒരുമിച്ച് കളിക്കുകയാണെങ്കില്‍ അത് മനോഹരമായ ഒരു കാഴ്ചയായിരിക്കും. ഉടനെതന്നെ അതിന് സാധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Content Highlights: Writeup about Rishab Pant and Sanju Samson