നീലാകാശവും നീലക്കടലും ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരും ഒരേ നിമിഷം ആര്‍ത്തുല്ലസിക്കുകയായിരുന്നു. അതുവരെ അടക്കിപ്പിടിച്ച സകല വികാരങ്ങളും അവര്‍ മെക്‌സിക്കോക്കെതിരെയുള്ള 64ാം മിനുട്ടില്‍ ലോകത്തിനു മുന്നിലേക്ക് വിളിച്ചു കൂവി.
ഖത്തറിലെ ഗ്രൗണ്ടില്‍ അത്തറിന്റെ മണമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല എന്നാല്‍ അവിടെ മൊത്തം മുഴങ്ങി കേട്ടത് അര്‍ജന്റീനയന്‍ ആരാധകരുടെ ആര്‍പ്പുവിളികളാണ്. അതിന് ചുക്കാന്‍ പിടിച്ചത് അവരുടെ സകല പ്രതീക്ഷകളുടെയും കപ്പിത്താനായ ലയണല്‍ മെസി തന്നെയാണ്.
ആ ഗോള്‍ നേടുന്നത് വരെ അര്‍ജന്റീനയും മെസിയും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ കളിയിലേറ്റ തോല്‍വിയോടെ അര്‍ജന്റിനെയും ആരാധകരും മാനസികമായി ഒരുപോലെ തളര്‍ന്നിരുന്നു.
ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഒരുപാട് ആരാധകര്‍ ടീമിന്റെ വിമര്‍ശകരായി മാറി. എന്നാല്‍ ആ ഗോള്‍ വന്നപ്പോള്‍ അതെല്ലാം വാനില്‍ പാറി. ടീമിന്റെ മാലാഖ എയ്ഞ്ചല്‍ ഡി മരിയയുടെ ഒരു കിടിലന്‍ പാസില്‍ ബോക്‌സിന് പുറത്തു നിന്നും ലിയോയുടെ ഒരു ലോങ് റേഞ്ചര്‍ ഗോള്‍.
അസാധ്യ പവറോ മാരക സ്‌കില്ലോ ഒന്നും തന്നെ ആ ഗോളിന് പിന്നില്‍ ഇല്ലായിരുന്നു എന്നാല്‍ കാല്‍പന്ത് കളിയുടെ രാജാവിന്റെ ഒരു മാന്ത്രിക ടച്ച് മാത്രമായിരുന്നു ആ ഗോള്‍!
അല്ലെങ്കിലും ഫുട്‌ബോളില്‍ സകലതും മാറിമറിയാന്‍ ഒരു നിമിഷം മതി. മത്സരങ്ങളുടെയും ടൂര്‍ണമെന്റിന്റെയും വിധി മാറ്റാനാവുന്ന ഒരേ ഒരു നിമിഷം. അര്‍ജന്റീനയുടെ പ്രതീക്ഷകളെ പൊടി തട്ടിയെടുത്ത ഒരു ഗോളായിരുന്നു മെസി നേടിയത്.
വളരെ മികച്ച പ്രകടനമൊന്നുമല്ലായിരുന്നു അര്‍ജന്റീന നടത്തിയത്. മറ്റുള്ള മികച്ച ടീമുകളെ അപേക്ഷിച്ച് തികച്ചും ഒരു ശരാശരി പ്രകടനം. എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ ഈ ഒരു വിജയത്തിന് സാധിക്കും.
‘അസ്തമയത്തിന് ശേഷം തീര്‍ച്ചയായും ഒരു ഉദയം ഉണ്ടാകും അങ്ങനെ ഇല്ലെങ്കില്‍ അതൊരു സൂര്യന്‍ അല്ലാതിരിയിരിക്കണം’ ചെ ഗുവേരയുടെ ഈ വാക്കുകള്‍ ഊട്ടിയുറപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്റെ നാട്ടുകാര്‍.
സൗദിക്കെതിരെയേറ്റ ആ നാണംകെട്ട തോല്‍വിയില്‍ നിന്നും അര്‍ജന്റീനയും മിശിഹായും ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. അടുത്ത മത്സരത്തില്‍ പോളണ്ടിനെ തകര്‍ത്ത് അവസാന 16ലേക്ക് കടക്കാന്‍ അര്‍ജന്റീനക്ക് സാധിക്കുമെന്ന് തന്നെ വിശ്വസിക്കാനാണ് ആരാധകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഇഷ്ടം.
കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഒരുപാട് കുഞ്ഞു കുട്ടികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. അതില്‍ ചില കുട്ടികളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊഴിയുന്നുമുണ്ടായിരുന്നു.
എന്നാല്‍ ഒരു കളിയല്ലേ കഴിഞ്ഞുള്ളു അടുത്ത മത്സരത്തില്‍ തിരിച്ചു വരുമെന്ന് ആ നിഷ്‌കളങ്കര്‍ പറഞ്ഞിരുന്നു. സകല അര്‍ജന്റീന ആരാധകരും ഒരുപാട് വര്‍ഷങ്ങളായി പിന്തുടരുന്ന വിശ്വാസമാണ് അവരും ഇവിടെ ഇവരും തുടര്‍ന്ന് പോരുന്നത്.
അര്‍ജന്റീനയിലെ റോസാരിയോ മുതല്‍ ഇങ്ങ് കേരളം വരെയുള്ള സകല ആരാധകരും ഇതില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് വേണ്ടി ഈ ടീമിന് വിജയിച്ചേ മതിയാകു.
ഡി പോളിന്റെ ഫോമും പാസുകള്‍ മിസ്സാകുന്നതും അര്‍ജന്റീനക്ക് തലവേദന ഉണ്ടാക്കുന്നുണ്ടെങ്കിലും മെസിക്ക് വേണ്ടി എല്ലാം മറന്നു കളിക്കുന്ന ടീം തന്നെയാണ് ഇപ്പോഴും അര്‍ജന്റീന. വരും മത്സരങ്ങളില്‍ ഇതിന്റെ തുടര്‍ച്ച കാണാന്‍ സാധികുമെന്ന് തീര്‍ച്ചയായ കാര്യമാണ്.
അദ്ദേഹത്തെ കാത്തു സിംഹാസനം ഇരിപ്പുണ്ടോ എന്നതെല്ലാം പ്രവചനാതീതമാണ്. എങ്കിലും അങ്ങനെ വിശ്വാസിക്കനാണ് തീരുമാനം.
Content Highlight: Writeup about Argentina and Lionel Messi