| Tuesday, 31st May 2022, 11:36 am

ആര്‍.എസ്.എസ് സ്ഥാപകന്‍ പാഠപുസ്തകത്തില്‍; കര്‍ണാടകയില്‍ സര്‍ക്കാര്‍ കമ്മിറ്റികളില്‍ നിന്നും രാജിവെച്ച് എഴുത്തുകാര്‍, പാഠപുസ്തകങ്ങളില്‍ നിന്നും കവിതകള്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ പാഠപുസ്ത സിലബസ് വിവാദത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കമ്മിറ്റികളില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും രാജിവെച്ച് എഴുത്തുകാര്‍.

എഴുത്തുകാരന്‍ രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റിയായിരുന്നു ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.

വിഷയത്തില്‍ രോഹിത് ചക്രതീര്‍ഥയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കൂടിയാണ് എഴുത്തുകാര്‍ ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്.

വിഖ്യാത കന്നട കവിയും എഴുത്തുകാരനുമായ കുവെമ്പുവിനെ അപമാനിക്കുന്ന തരത്തില്‍ രോഹിത് ചക്രതീര്‍ഥ പെരുമാറിയിട്ടും നടപടിയെടുക്കാത്തതും രാജിക്ക് കാരണമാണ്.

എഴുത്തുകാരായ എസ്.ജി. സിദ്ധരാമയ്യ (രാഷ്ട്രകവി മുന്‍ പ്രസിഡന്റ്) ഡോ. ജി.എസ്. ശിവരുദ്രപ്പ പ്രതിഷ്ഥാന, എച്ച്.എസ്. നാഗവേന്ദ്ര റാവു, നടരാജ ബുടലു, ചന്ദ്രശേഖര്‍ നന്‍ഗ്ലി, ഹംപ നാഗരാജയ്യ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.

”കര്‍ണാടക സംസ്ഥാനത്തെ വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും രാഷ്ട്രീയ മേഖലയിലും ഈയിടെ നടന്ന ഭരണാഘടനാ വിരുദ്ധമായ ആക്രമണത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. മത വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പെരുമാറ്റങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനവും നടപടി സ്വീകരിക്കാതിരിക്കുന്നതും ഞങ്ങളില്‍ ഭയമുളവാക്കുന്നു,” മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ എഴുത്തുകാര്‍ പറഞ്ഞു.

തന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കിയ അനുമതി പ്രൊഫ. എസ്.ജി. സിദ്ധരാമയ്യ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

കുവെമ്പുവിനെയും സംസ്ഥാന ഗാനത്തെയും അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും അവരെ തന്നെ ഔദ്യോഗിക കമ്മിറ്റികളുടെ ഭഗമാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹംപ നാഗരാജയ്യ ‘രാഷ്ട്രകവി കുവെമ്പു പ്രതിഷേഥാന’ പ്രസിഡന്റ് പദവിയില്‍ നിന്നും രാജി വെച്ചത്.

കര്‍ണാടക പാഠപുസ്തകത്തില്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തില്‍ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.

2022- 2023 അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാന സിലബസിലെ പത്താം ക്ലാസിലെ കന്നഡ ഭാഷാ പാഠ പുസ്തകത്തിലാണ് ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെയും ഇടത് ചിന്തകരും എഴുത്തുകാരുമായ മറ്റ് ആളുകളെയും പറ്റിയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ആര്‍.എസ്.എസ് സ്ഥാപകന്റെ പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തത്.

ആരായിരിക്കണം യഥാര്‍ത്ഥ ആദര്‍ശ പുരുഷന്‍, എന്നര്‍ത്ഥം വരുന്ന ‘നിജവാഡ ആദര്‍ശ പുരുഷ യാരബേക്കു’ തലക്കെട്ടിലാണ് പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

സിലബസില്‍ മാറ്റം വരുത്തിയ പുസ്തകത്തിന്റെ പ്രിന്റിങ്ങ് ആരംഭിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ പി. ലങ്കേഷിന്റെ മുരുഗ മട്ടു സുന്ദരി, ഇടതുചിന്തകന്‍ ജി. രാമകൃഷ്ണയുടെ ഭഗത് സിംഗ് എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പുസ്തകത്തില്‍ ഹെഡ്ഗേവാറിനെ ഉള്‍പ്പെടുത്തിയത്.

ഇതിന് പുറമെ ശിവാനന്ദ കലവെയുടെ സ്വദേശി സുത്രദ സരല ഹബ്ബ, എം. ഗോവിന്ദ പൈയുടെ നാനു പ്രാസ ബിട്ട കഥെ എന്നിവയും പുതുതായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Content Highlight: Writers resign from govt. panels to protest against controversial textbook revision in Karnataka

We use cookies to give you the best possible experience. Learn more