| Friday, 5th March 2021, 12:26 pm

അന്ന് തിരുവനന്തപുരത്ത് മത്സരിച്ചു, സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി; രാഷ്ട്രീയത്തിലെ മാധവിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ സാഹിത്യ മേഖലകളില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ നിരവധി പേരുണ്ട് കേരളത്തില്‍. വലിയ വിജയം നേടി ഉന്നത സ്ഥാനത്തെത്തിയവരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പിന്‍മാറിയവരുമെല്ലാമുണ്ട് ഇതില്‍. എന്നാല്‍ സ്വന്തമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി തന്നെ രൂപീകരിച്ച ഒരു സാഹിത്യപ്രതിഭയുണ്ടായിരുന്നു കേരളത്തില്‍. മലയാളത്തിന്റെ സ്വന്തം എഴുത്തുകാരി കമല ദാസ് എന്ന മാധവിക്കുട്ടി.

‘ലോക്‌സേവാ പാര്‍ട്ടി’ എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ അവര്‍ രൂപീകരിച്ചിരുന്നു. പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. 1984 ലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അവര്‍ സ്വതന്ത്രയായി മത്സരിച്ചത്.

രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ നേടി കോണ്‍ഗ്രസിന്റെ എ. ചാള്‍സ് വിജയിച്ചപ്പോള്‍ മാധവിക്കുട്ടിക്ക് ലഭിച്ചത് വെറും 1786 വോട്ടുകള്‍ മാത്രമായിരുന്നു. ജനങ്ങള്‍ക്ക് എന്നെ വേണ്ടാത്തതുകൊണ്ടാണ് തോറ്റതെന്നായിരുന്നു മാധവിക്കുട്ടിയുടെ പ്രതികരണം. ശേഷം അവര്‍ ദീര്‍ഘകാലത്തേക്ക് രാഷ്ട്രീയ രംഗത്ത് ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം 2000 ജൂലൈയില്‍ ആണ് അവര്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നത്. ‘ഗോഡ്സ് ഓണ്‍ പാര്‍ട്ടി’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് ‘ലോക് സേവാ പാര്‍ട്ടി’ എന്നാക്കി മാറ്റി. ദേശീയ പാര്‍ട്ടിയെന്ന മതിപ്പുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ‘ലോക് സേവ പാര്‍ട്ടി’യെന്ന പേരിട്ടതെന്ന് അന്ന് ഒരു അഭിമുഖത്തില്‍ മാധവിക്കുട്ടി പറഞ്ഞിരുന്നു.

1999ല്‍ മാധവിക്കുട്ടി ഇസ്ലാമിലേക്ക് മതം മാറിയതും പേര് മാറ്റിയതുമെല്ലാം കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയും നിരവധി വിവാദങ്ങള്‍ അവരുമായി ബന്ധപ്പെട്ട് നില്‍ക്കുകയും ചെയ്യുന്ന സമയമായിരുന്നു അത്. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. മതംമാറ്റത്തിനു ശേഷമുള്ള അവരുടെ പ്രധാന തീരുമാനമായിരുന്നു പാര്‍ട്ടി രൂപീകരണം.

ബെംഗളൂരുവിലെ ഒരു കോളേജില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണ് മാധവിക്കുട്ടിയില്‍ പാര്‍ട്ടി രൂപീകരണം എന്ന ആശയം ഉടലെടുക്കുന്നത്. ഉടന്‍ പാര്‍ട്ടിക്ക് രൂപം നല്‍കി. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഒരു പാര്‍ട്ടിയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മാധവിക്കുട്ടി പറഞ്ഞിരുന്നു.

സ്നേഹമായിരുന്നു അവരുടെ പാര്‍ട്ടിയുടെ സന്ദേശം. യുവാക്കളെയും സ്ത്രീകളെയുമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. എല്ലാ യുവാക്കളോടും തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ അവര്‍ ആഹ്വാനം ചെയ്തിരുന്നു. പക്ഷേ അവരുടെ എഴുത്തിനുള്ള സ്വീകാര്യത അവരുടെ രാഷ്ട്രീയ സന്ദേശത്തിന് മലയാളികള്‍ നല്‍കിയില്ല.

ആലയിലെ പശുവിനു സമാനമായ ജീവിതത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്ത്രീകളോടെല്ലാം തന്റെ പാര്‍ട്ടിയില്‍ അണിചേരണമെന്നൊക്കെ അവര്‍ ആഹ്വാനം ചെയ്തിരുന്നു. പക്ഷേ, മാധവിക്കുട്ടിയെ ഇഷ്ടപ്പെട്ടിരുന്ന സ്ത്രീകളും വലിയ പ്രതീക്ഷയില്ലാത്ത ഒരു കാര്യമായാണ് ലോക് സേവാ പാര്‍ട്ടിയെ കണ്ടത്.

മാധവിക്കുട്ടിയോട് വളരെ അടുപ്പമുണ്ടായിരുന്ന ചിലര്‍ മാത്രമാണ് ലോക് സേവാ പാര്‍ട്ടിയുടെ ഭാഗമായത്. ഏതെങ്കിലും വിധത്തില്‍ രാഷ്ട്രീയ സാന്നിധ്യം അടയാളപ്പെടുത്താന്‍ ലോക് സേവാ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല. മാധവിക്കുട്ടിയുടെ മരണത്തോടെ പാര്‍ട്ടി ഇല്ലാതാവുകയും ചെയ്തു.


Content Highlight: Writers in Kerala Politics – Madhavikkutti

We use cookies to give you the best possible experience. Learn more