| Wednesday, 27th September 2023, 1:10 pm

'ചലച്ചിത്ര മേഖലയില്‍ എ.ഐയുടെ ഉപയോഗത്തിന് നിയന്ത്രണം'; ഹോളിവുഡില്‍ സമരം അവസാനിപ്പിച്ച് റൈറ്റേഴ്‌സ് ഗില്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ഏഞ്ചല്‍സ്: വന്‍കിട സ്റ്റുഡിയോകള്‍ തിരക്കഥ തയാറാക്കാന്‍ മനുഷ്യര്‍ക്ക് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്നറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡിലെ എഴുത്തുകാരുടെ യൂണിയന്‍ അംഗങ്ങള്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.

ശമ്പളത്തിലെ വര്‍ധനയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന മൂന്ന് വര്‍ഷത്തെ കരാറിന് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എഴുത്തുകാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.

സമരം അവസാനിപ്പിക്കാന്‍ റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക (ഡബ്ല്യു.ജി.എ) നേതൃത്വം ഏകകണ്ഠമായി വോട്ട് ചെയ്തു. യൂണിയനിലെ 11,500 അംഗങ്ങള്‍ക്ക് ഒക്ടോബര്‍ ഒമ്പത് വരെ പ്രസ്തുത കരാറില്‍ ഒപ്പുവെക്കാന്‍ സമയമുണ്ടായിരുന്നു.

ചലചിത്ര നിര്‍മാണത്തിലും പുരോഗതിയിലും എ.ഐയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പദ്ധതിയിടുന്നതിനായി വര്‍ഷത്തില്‍ രണ്ടുതവണ ഗില്‍ഡുമായി ചര്‍ച്ചകള്‍ നടത്താന്‍ സ്റ്റുഡിയോകള്‍ സമ്മതിച്ചതായും കരാറില്‍ പറയുന്നു. എ.ഐയുടെ ഉപയോഗം പൂര്‍ണമായി നിരോധിക്കാന്‍ സ്റ്റുഡിയോകള്‍ തയാറായിട്ടില്ല. പകരം, എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ക്കായി എ.ഐയുടെ സഹായം ഉപയോഗപ്പെടുത്താം.

എന്നാല്‍ തിരക്കഥയുടെ ഡ്രാഫ്റ്റിങ്ങിന് എഴുത്തുകാര്‍ക്ക് എ.ഐ ഉപയോഗപ്പെടുത്താമെന്നും എന്നാല്‍ കമ്പനികള്‍ക്ക് സ്വന്തം താത്പര്യത്തിനനുസരിച്ച് ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കരാറിലുണ്ട്. എ.ഐ ഉപയോഗിച്ച് നിര്‍മിച്ച സൃഷ്ടികള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ സ്റ്റുഡിയോകള്‍ തയ്യാറാകണം.

കഴിഞ്ഞയാഴ്ചയാണ് ഹോളിവുഡില്‍ പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കവും ഇതേത്തുടര്‍ന്ന് എഴുത്തുകാരുടെ സമരവും ആരംഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി തുടങ്ങിയ വന്‍കിട സ്റ്റുഡിയോകള്‍ ഭാവിയില്‍ നിര്‍മിക്കാന്‍ പോകുന്ന സീരിയലുകള്‍ക്കും സിനിമകള്‍ക്കും മറ്റും തിരക്കഥ തയാറാക്കാന്‍ മനുഷ്യര്‍ക്ക് പകരം നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുമെന്ന പ്രസ്താവന എഴുത്തുകാരുടെ രോഷം ആളിക്കത്തിക്കുകയായിരുന്നു.

ഈ പുതിയ ടെക്‌നോളജിയെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് സിനിമ അടക്കമുള്ള പല വ്യവസായ മേഖലകളും. ഇതുവരെ തുടര്‍ന്നുവന്ന രീതികളെ തച്ചുതകര്‍ക്കാനുള്ള എ.ഐയുടെ ശേഷി തിരിച്ചറിഞ്ഞ അമേരിക്ക ദിവസങ്ങള്‍ക്ക് മുമ്പ് ടെക് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എ.ഐയുടെ ഉപയോഗം നിയമം കൊണ്ട് നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂ.ജി.എ രംഗത്തുവരികയായിരുന്നു. എ.ഐ എഴുതുന്ന ഒന്നും സാഹിത്യ സ്രോതസായി പരിഗണിക്കരുതെന്നാണ് അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. ഈ രണ്ട് പരിഗണനകള്‍ വെച്ചാണ് ഹോളിവുഡില്‍ ആര്‍ക്കാണ് പ്രതിഫലം കിട്ടുന്നതെന്ന് നിര്‍ണയിക്കുന്നത്. ഡബ്ല്യൂ.ജി.എയിലെ അംഗങ്ങള്‍ എഴുതിയ സ്‌ക്രിപ്റ്റ് എ.ഐയെ ഉപയോഗിച്ച് പരിശീലിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

Content Highlights: Writers Guild of America ends strike Ahead of final contract vote

We use cookies to give you the best possible experience. Learn more