| Sunday, 30th May 2021, 3:56 pm

കോണ്‍ഗ്രസിനെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണമായി കാണുന്നവരെ എന്തുവില കൊടുത്തും മാറ്റി നിര്‍ത്തണം; കോണ്‍ഗ്രസ് തകരാന്‍ പാടില്ലെന്ന് സക്കറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്ത് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി തകരാന്‍ പാടില്ലെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. കോണ്‍ഗ്രസ് മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അത് കേരളത്തിന് ആവശ്യമുള്ള പാര്‍ട്ടിയാണെന്നും സക്കറിയ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ ആള്‍ക്കൂട്ടം ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണമെന്നും കോണ്‍ഗ്രസിനെ ഒരു ധനാഗമമാര്‍ഗം അതിലുമേറെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണം ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിര്‍ത്തണമെന്നും സക്കറിയ പറയുന്നു.

‘കോണ്‍ഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാന്‍ ഒരു കോണ്‍ഗ്രസ് കാരന്‍ അല്ല. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരന്‍ എന്ന നിലയില്‍ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്,’ സക്കറിയ ഫേസ്ബുക്കിലെഴുതി.

കണക്കുകള്‍ അനുസരിച്ച് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ട് ശതമാനം 25.12 ആണെന്നും സി.പി.ഐ.എമ്മിന്റെത് 25.38 ആണെന്നും സക്കറിയ പറഞ്ഞു.

ഇവ തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നില്‍ വച്ച് കൊണ്ടാണ് പിണറായി വിജയന്‍ തന്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോണ്‍ഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണമെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോണ്‍ഗ്രസിന് ഇത് സംഭവിച്ചു കൂടാ

കോണ്‍ഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാര്‍ട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയല്‍ കാര്‍ഡ് മൂല്യമേന്മയുള്ളതാണ്.
കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാര്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ബിജെ പിക്ക് ഒരു തടയാണ് എന്ന് പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് – നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോളും – കോണ്‍ഗ്രസ് ആണ് പ്രതീക്ഷകള്‍ക്ക് വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാര്‍ട്ടിക്കും അത് സാധിച്ചിട്ടില്ല.
കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോണ്‍ഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോണ്‍ഗ്രസിന്റെത് വിവിധ സമുദായങ്ങളില്‍ രൂഢമൂലമാണ്. ബിജെപി യുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാന്‍.

കോണ്‍ഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല – നവീകരണമാണ്. ചിന്തയിലും, പ്രവര്‍ത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദര്‍ശങ്ങളെ ഓര്‍ത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങ ലെയും – ശരിയായ കാരണങ്ങളോടെയാണെങ്കില്‍ പോലും – ദൈനംദിനം വിമര്‍ശിച്ചത് കൊണ്ട് മാത്രം പാര്‍ട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമര്‍ശിക്കാനായുള്ള വിമര്‍ശനത്തിന്റെ കാര്യമാണെങ്കില്‍, അതിന്റെ ഗുണഭോക്താക്കള്‍ മാധ്യമങ്ങള്‍ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിച്ചിരിക്കണം.

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളില്‍ പൂര്‍ണമായി – സമ്പൂര്‍ണമായി – ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ മൃതസഞ്ജീവനി. അവര്‍ അതിനെ വളര്‍ത്തുക യൊ തളര്‍ത്തുകയോ ചെയ്യട്ടെ. തീര്‍ച്ചയായും ഇപ്പോളത്തെ വെന്റിലേറ്റര്‍ ജീവിതത്തില്‍ നിന്ന് ഒരു മാറ്റമായിരിക്കും അത്.

കോണ്‍ഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്‌സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോണ്‍ഗ്രസ് അത് തിരിച്ചറിയാ തെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തില്‍ നിന്ന് അവര്‍ തന്നെയും മറ്റു പ്രവര്‍ത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്. എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തില്‍ ആണ് എന്ന് അവര്‍ മനസ്സിലാക്കേണ്ട തുണ്ട്. കോണ്‍ഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാന്‍ അതിനു കഴിയണം. കണക്കുകള്‍ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിന്റെത് 25.38 ഉം ആണ്. തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നില്‍ വച്ച് കൊണ്ടാണ് പിണറായി വിജയന്‍ തന്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോണ്‍ഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് – ആള്‍ക്കൂട്ടം – ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോണ്‍ഗ്രസ്സിനെ ഒരു ധനാഗമമാര്‍ഗം – അതിലുമേറെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണം – ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിര്‍ത്തണം. കോണ്‍ഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാന്‍ ഒരു കോണ്‍ഗ്രസ് കാരന്‍ അല്ല. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരന്‍ എന്ന നിലയില്‍ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights; Writer Zacharia Facebook Post About Congress

We use cookies to give you the best possible experience. Learn more