കസബയിലെ സംഭാഷണം സാസ്‌ക്കാരിക കേരളത്തോട് ചെയ്ത ക്രിമിനല്‍ കുറ്റം; പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും വൈശാഖന്‍
kasaba controversy
കസബയിലെ സംഭാഷണം സാസ്‌ക്കാരിക കേരളത്തോട് ചെയ്ത ക്രിമിനല്‍ കുറ്റം; പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും വൈശാഖന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2018, 11:41 am

തൃശ്ശൂര്‍: കസബയിലെ സ്ത്രീ വിരുദ്ധത ചോദ്യം ചെയ്ത പാര്‍വതിക്ക് അഭിനന്ദനങ്ങളുമായി സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖന്‍. ചിത്രത്തില്‍ സംഭാഷണം രചിച്ച വ്യക്തി സാസ്‌ക്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കസബയിലെ സ്ത്രീ വിരുദ്ധത ധൈര്യപൂര്‍വ്വം ചോദ്യം ചെയ്ത പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനവ സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസബയിലെ സംഭാഷണങ്ങള്‍ തീര്‍ത്തും സ്ത്രീ വിരുദ്ധമാണെന്നും ഇതിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിച്ച നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും കസബയിലെ സംവിധായകനെയും നടനെയും ചോദ്യം ചെയ്യുന്നതിന് പകരം പാര്‍വതിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ കസബക്കെതിരം മലയാളികളുടെ സംസ്‌ക്കാരത്തെ രൂപീകരിക്കുന്നത് സാഹിത്യമാണെന്നും ആധുനിക കാലഘട്ടത്തില്‍ ജാതി-മത വര്‍ഗീയതയ്‌ക്കെതിരെ സാഹിത്യത്തിനെ പ്രതിരോധമാക്കണമെന്നും വൈശാഖന്‍ ആവശ്യപ്പെട്ടു.

താരാരാധന മാനസീക രോഗമാണെന്നും അത്തരത്തില്‍ ആരാധന നടത്തുന്നവര്‍ തങ്ങളുടെ ചിന്തയെ പണയം വെക്കുകയാണെന്നും വൈശാഖന്‍ അഭിപ്രായപ്പെട്ടു. ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ചര്‍ച്ചയിലായിരുന്നു പാര്‍വതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. തുടര്‍ന്ന് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമാവുകയായിരുന്നു.

പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സൈബര്‍ ആക്രമണവും വര്‍ധിച്ചു. തുടര്‍ന്ന് പാര്‍വതി അഭിനയിച്ച മൈസ്റ്റോറി എന്ന സിനിമക്കെതിരെ ഡിസ് ലൈക്ക് ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ നടന്നു.