ബംഗ്ലാദേശിലെ അക്രമത്തെക്കുറിച്ചുള്ള സത്യം തുറന്ന് പറഞ്ഞതിന് എന്നെ വീണ്ടും വിലക്കി; തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഏഴ് ദിവസത്തേയ്ക്ക് നിരോധിച്ചതായി തസ്‌ലിമ നസ്‌റീന്‍
ന്യൂദല്‍ഹി: അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ നിന്നും ഫേസ്ബുക്ക് തന്നെ വിലക്കിയതായി ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്‌ലിമ നസ്‌റീന്‍. ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള സത്യം തുറന്ന് പറഞ്ഞതിനാണ് തന്നെ ഏഴ് ദിവസത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയതെന്നാണ് ഇവര്‍ പറയുന്നത്.
ട്വിറ്ററിലൂടെയാണ് തസ്‌ലിമ ഇക്കാര്യം വെളിപ്പെടുത്തിയത്.
”ഹിന്ദുക്കള്‍ ഹനുമാന്‍ വിഗ്രഹത്തിന്റെ തുടയില്‍ ഖുര്‍ ആന്‍ പ്രതിഷ്ഠിച്ചു എന്ന് വിശ്വസിച്ച ഇസ്‌ലാമിസ്റ്റുകള്‍ ബംഗ്ലാദേശില്‍ ഹിന്ദു വീടുകളും അമ്പലങ്ങളും തകര്‍ത്തു’, എന്ന് എഴുതിയതിന് ഫേസ്ബുക്ക് എന്നെ വിലക്കി.
എന്നാല്‍ ഹിന്ദുക്കളല്ല, ഇഖ്ബാല്‍ ഹൊസെയ്ന്‍ എന്നയാളാണ് അത് ചെയ്തതെന്ന് പുറത്തറിഞ്ഞപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ മിണ്ടാതായി. ഇഖ്ബാലിനെതിരെ അവര്‍ ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല,” തസ്‌ലീമ നസ്‌റീന്‍ ട്വിറ്ററില്‍ കുറിച്ചു.
മുന്‍പ് ഇവരെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗത്തില്‍ നിന്നും വിലക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി, എന്ന് തസ്‌ലീമ ആരോപിച്ചിരുന്നു.
തന്റെ എഴുത്തുകളേയും ആക്ടിവിസത്തേയും തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്നും വധഭീഷണിയും വിലക്കും നേരിട്ട തസ്‌ലീമ നസ്‌റീന്‍ ഇപ്പോള്‍ ദല്‍ഹിയിലാണ് താമസിക്കുന്നത്.
ഒക്ടോബര്‍ 15നായിരുന്നു ബംഗ്ലാദേശില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഖുര്‍ ആനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു.