| Sunday, 26th September 2021, 5:36 pm

മമ്മൂട്ടിയ്ക്ക് വേണമെങ്കില്‍ അഭിമാനത്തോടെ വിശ്രമിക്കാം; ദുല്‍ഖര്‍ ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുന്നുവെന്ന് ടി. പത്മനാഭന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് കഥാകൃത്തി ടി. പത്മനാഭന്‍. ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് അഭിനയകലയുടെ ഉത്തുംഗപീഠം കയറുകയാണ് ദുല്‍ഖറെന്ന് പത്മനാഭന്‍ പറഞ്ഞു.

മാധ്യമം ആഴ്ചപതിപ്പില്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വന്തം പ്രതിഭ കൊണ്ടാണ് ദുല്‍ഖര്‍ ഉയരങ്ങളിലേക്ക് കയറുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിലെ പ്രതിഭയുടെ തിളക്കം കണ്ടിരുന്നു. പിന്നീട് വന്ന ഓരോ സിനിമകളിലൂടെ അത് കൂടുതല്‍ പ്രകടമായി വരുന്നതും കണ്ടു,’ പത്മനാഭന്‍ പറഞ്ഞു.

മമ്മൂട്ടി ഇനിയും അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. മമ്മൂട്ടിയുടെ അതിനുള്ള കഴിവൊന്നും അല്‍പം പോലും ക്ഷയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇനി വേണമെങ്കില്‍ അദ്ദേഹത്തിന് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘കാരണം അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് മെച്ചപ്പെട്ട് അഭിനയ കലയുടെ ഉത്തുംഗപീഠം കയറിക്കൊണ്ടേയിരിക്കുകയാണ്. വിക്രമാദിത്യനും ജോമോന്റെ സുവിശേഷങ്ങളുമാണ് ഈയടുത്ത കാലത്ത് കണ്ട സിനിമകള്‍. ആ സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാം എന്നാണ്,’ പത്മനാഭന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ മകന്‍ സ്വന്തം പ്രതിഭ കൊണ്ടാണ് ഉയരങ്ങളിലേക്ക് കയറിപ്പോകുന്നതെന്നും ഒരു പിതാവിന്റെ സംതൃപ്തിയോടെ അദ്ദേഹത്തിന് അതു കാണാമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. 2015 ല്‍ ചാര്‍ലിയെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ഖറിന് ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Writer T Padmanabhan hails Dulquer Salman Mammootty

We use cookies to give you the best possible experience. Learn more