തിരുവനന്തപുരം: എം.ടി എം.ടി വാസുദേവന്‍ നായര്‍ ഒരു നായര്‍ ജാതിവാദിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സാഹിത്യകാരന്‍ ടി. പദ്മനാഭന്‍. എം.ടിയെ ജാതിവാദിയായി, മുസ്‌ലീം വിരുദ്ധനായി ആരും അവതരിപ്പിക്കരുതെന്നും ടി. പദ്മനാഭന്‍ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി താഹ മാടായി നടത്തിയ അഭിമുഖത്തിലായിരുന്നു ടി. പദ്മനാഭന്‍ നിലപാട് വ്യക്തമാക്കിയത്.
“എം.ടി വാസുദേവന്‍ നായരുമായി ഒട്ടേറെ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുള്ളയാളാണ് ഞാന്‍. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനുമായിരുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. എന്നാല്‍ സത്യസന്ധമായിട്ടു തന്നെ പറയാം എം.ടി ഒരു നായര്‍ ജാതിവാദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയൊട്ട് വിശ്വസിക്കുകയുമില്ല.
അദ്ദേഹം ദളിത് വിരുദ്ധനാണ് എന്ന് പറഞ്ഞ് കുറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹം സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അക്കാദമിയുടെ കവാടത്തിന് മുന്‍പില്‍ ദളിത് ബന്ധുക്കള്‍ എന്നവകാശപ്പെടുന്ന കുറേപ്പേര്‍ സത്യാഗ്രഹമിരുന്ന സംഭവമുണ്ട്. ഇതില്‍ പ്രതിഷേധിച്ചും ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാറാ ജോസഫ് അന്ന് പ്രസ്താവന ഇറക്കിയിരുന്നു.
അതായത് ജാതീയമായി ആക്ഷേപിക്കുക എന്നത് ഇപ്പോള്‍ തുടങ്ങിയതല്ല. ഇപ്പോള്‍ കാണുന്ന ഒരു പ്രവണത എന്താണെന്ന് വെച്ചാല്‍ ഒരു കാര്യം എഴുതുമ്പോള്‍ അല്ലെങ്കില്‍ പറയുമ്പോള്‍ അതില്‍ ദളിത് വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ മുസ്‌ലീം വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ ഹിന്ദുവിരുദ്ധമായി എന്തെങ്കിലും കിട്ടുമോ സ്ത്രീ വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ എന്നിങ്ങനെ ചികഞ്ഞുനോക്കുകയാണ്. ഇത് ഒരു തൊഴില്‍ പോലെ കൊണ്ടുനടക്കുന്ന പലരും ഇപ്പോഴുണ്ട്. ഒരു ഹരമായി അവര്‍ അത് ചെയ്യുന്നു. ഇത് മുളയില്‍ തന്നെ നുള്ളേണ്ട പ്രവണതയാണ്”. – ടി. പദ്മനാഭന്‍ പറഞ്ഞു.
“സംഘപരിവാറിനെതിരെ എഴുത്തുകാര്‍ ശക്തമായി പ്രതിരോധം തീര്‍ക്കേണ്ട കാലമാണ്. പക്ഷേ വിശ്വാസമേല്‍പ്പിച്ച പലരും മൗനം പാലിക്കുന്നു. കേരളത്തിലെ എഴുത്തുകാര്‍ക്ക് എത്രമാത്രം സംഘവിരുദ്ധ ബോധമുണ്ട്? സന്ദര്‍ഭത്തിനനുസരിച്ച് നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയും മയപ്പെടുത്തുകയും ചെയ്യുന്നവരല്ലേ പലരും. എല്ലാ എഴുത്തുകാരേയും അങ്ങനെ പറയാന്‍ കഴിയില്ല. എന്നാല്‍ പലര്‍ക്കും ഒരു സംഘവിരുദ്ധ നിലപാടില്ല. ഞാന്‍ ആദ്യം മുതലേ സംഘപരിവാറിന് എതിരാണ്.
ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോള്‍ ഞാന്‍ പ്രസംഗിച്ചു, പിന്നീട് എഴുതി. പിന്നെ ഗുജറാത്ത് കലാപം, അതൊന്നും എനിക്ക് മറക്കാന്‍ കഴിയില്ല. പറയൂ എങ്ങനെയാണ് നമ്മള്‍ അത് മറക്കുക? ഇല്ല ഒരിക്കലും മറക്കാന്‍ കഴിയില്ല, ആഴമുള്ള മുറിവുകളാണത്”- ടി. പദ്മനാഭന്‍ പറയുന്നു.