Film News
ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍, കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം; മഹാവീര്യറിനെ അഭിനന്ദിച്ച് ടി.ഡി. രാമകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 22, 03:16 am
Friday, 22nd July 2022, 8:46 am

എബ്രിഡ് ഷൈന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മഹാവീര്യറിനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. ചിത്രം ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണെന്നും എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നുവെന്നും ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ധീഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

‘മഹാവീര്യര്‍ കണ്ടു. മുകുന്ദേട്ടന്റെ കഥയായതുകൊണ്ടാണ് റിലീസ് ദിവസം തന്നെ തിയേറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു.

ചിലയിടങ്ങളില്‍ രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂ. രണ്ടുകാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കണ്‍വിന്‍സിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ധിഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. അഭിനന്ദനങ്ങള്‍ എബ്രിഡ് ഷൈന്‍, എം. മുകുന്ദന്‍, നിവിന്‍ പോളി,’ ടി.ഡി. രാമകൃഷ്ണന്‍ കുറിച്ചു.

അതേസമയം ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. മലയാള സിനിമയില്‍ അധികം ചിത്രീകരിച്ചിട്ടില്ലാത്ത ടൈം ട്രാവല്‍ ഫാന്റസി ജോണറിലാണ് ചിത്രം ഒരുക്കിയത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, സിദ്ധിഖ്, ലാലു അലക്‌സ് തുടങ്ങി ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങള്‍ വരെ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എഡിറ്റിങ് മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍.

Content Highlight: writer T.D. Ramakrishnan Appreciating Mahaviryar