| Sunday, 20th June 2021, 3:45 pm

ആ വാക്കുകളില്‍ അലോസരം തോന്നിയവരോട് സഹതാപം മാത്രം; എല്ലാം കാലത്തിനൊപ്പം മാറിക്കോളുമെന്നും ശ്യാം പുഷ്‌കരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന സിനിമക്കെതിരെ ഉയര്‍ന്ന ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍. സിനിമയില്‍ അനാവശ്യമായി തെറികള്‍ ഉപയോഗിക്കുന്നുവന്നും ഇത് സിനിമ ആസ്വദിക്കുന്നതിന് തടസ്സമായെന്നും ചില പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ഈ വിമര്‍ശനങ്ങളോടുള്ള തന്റെ പ്രതികരണവും കാഴ്ചപ്പാടും വ്യക്തമാക്കുകയാണ് ശ്യാം പുഷ്‌കരന്‍. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്തിനാണ് ഇത്രയും ഞെട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

മലയാള സിനിമകള്‍ ഒ.ടി.ടി. റിലീസിനെത്താന്‍ തുടങ്ങിയതോടെ ചിത്രങ്ങളില്‍ തെറിവിളികളും അത്തരം പദപ്രയോഗങ്ങള്‍ വര്‍ധിച്ചുവെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശ്യാം പുഷ്‌കരന്റെ പ്രതികരണം.

സമൂഹത്തിന്റെയും ജീവിതത്തിന്റെയും പ്രതിഫലനമായാണ് ഞാന്‍ സിനിമയെ കാണുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്.

യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ കണ്ടുപരിചയിച്ച ജീവിതത്തെ അതില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല. നമുക്കു ചുറ്റിനും നടക്കുന്ന കാര്യത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഇത്രത്തോളം ഞെട്ടലുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്യാം പുഷ്‌കരന്‍ പറയുന്നു. സ്വീകരണമുറിയിലേക്ക്, സിനിമയിലൂടെ യാഥാര്‍ത്ഥ്യം പെട്ടെന്നു കടന്നുവന്നതിന്റെ അങ്കലാപ്പാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറി ഉള്‍പ്പെടുത്തിയതുകൊണ്ട് പൂര്‍ണമായ അര്‍ത്ഥത്തില്‍ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നൊക്കെ പലരും പറഞ്ഞു. ‘ജോജി’യിലെ തെറികള്‍ ഈപറയുന്ന തരത്തില്‍ കടുപ്പമുള്ളതാണെന്ന തോന്നല്‍ എനിക്കില്ല.

പക്ഷേ, പലരുടെയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ആ വാക്കുകള്‍ അവരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി. അവരോടും എനിക്ക് സ്‌നേഹവും സഹതാപവും മാത്രമേയുള്ളൂ. ആ അലോസരപ്പെടലുകള്‍ കാലത്തിനൊപ്പം മാറുകതന്നെ ചെയ്യുമെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Writer Syam Pushkaran responds to criticism against the use of swearing words in movie Joji

We use cookies to give you the best possible experience. Learn more