| Thursday, 27th July 2023, 5:46 pm

ലീഗ് പിടിക്കേണ്ടത് ആ മുദ്രാവാക്യം എഴുതിയവനെ; അവന്റെ മുകളിലൊരു കൊടും ക്രിമിനലുണ്ടാകും: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂത്ത് ലീഗ് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ആദ്യം വിദ്വേഷ മുദ്രാവാക്യം എഴുതിക്കൊടുത്തവനെത്തന്നെയാണ് ലീഗ് കണ്ടെത്തി പിടികൂടേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസ്ഥാനത്തില്‍ തീവ്രവാദ ഏജന്റുമാര്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
‘പച്ചക്കിട്ട് കത്തിക്കും പോലും. ആര്? ആരെ? ആദ്യം മുദ്രാവാക്യമെഴുതിക്കൊടുത്തവനെത്തന്നെയാണ് കണ്ടെത്തി പിടികൂടേണ്ടത്. ആരാണ് ഈ വരികള്‍ പറഞ്ഞുകൊടുത്തതെന്ന് തീര്‍ച്ചയായും അന്വേഷിക്കപ്പെടണം. തീര്‍ച്ചയായും ലീഗ് പോലൊരു പ്രസ്ഥാനത്തിന് അതിനുള്ള ബാധ്യതയുണ്ട്.

പ്രസ്ഥാനത്തില്‍ തീവ്രവാദ ഏജന്റുമാര്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന് തന്നെയാണ് അവര്‍ അന്വേഷിക്കേണ്ടത്. അതിനുള്ള ബാധ്യത ലീഗ് നേതാക്കള്‍ക്ക് തന്നെയാണ്. അവര്‍ക്കൊക്കെ സമയം കിട്ടുമോ എന്നറിയില്ല.

പച്ചക്കിട്ടല്ല പരസ്പരമാണ് കത്തുക. അതും വഴിയെ പോകുന്ന നിരപരാധികളായ മനുഷ്യര്‍. വീട് പുകയാന്‍ അരി തേടിപ്പോയ കുടുംബനാഥനും സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികളുമാണ് പിഴയടക്കേണ്ടി വരിക. അവരാണ് ബലിയാടാവുന്നത്.

അവര്‍ക്ക് പേരില്ല. ജാതിയും മതവുമില്ല. രാഷ്ട്രീയാഭിമുഖ്യം പോലുമുണ്ടാവില്ല. യഥാര്‍ത്ഥ ക്രിമിനലുകള്‍ ഒരിക്കലും പെടില്ല. പ്ലാന്‍ ചെയ്തവര്‍ തീരെ പെടില്ല. കാരണം അവര്‍ സുരക്ഷിതമായ അകലത്തെത്തിയിരിക്കും,’ ശിഹാബുദ്ദീന്‍ പറഞ്ഞു.
ഇടതും വലതും ചേര്‍ത്തുപിടിച്ചു പോകുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു മുദ്രാവാക്യം മതിയെന്നും അദ്ദേഹം പറഞ്ഞു.

‘താന്‍ വിളിക്കുന്ന മുദ്രാവാകൃത്തിന് ഏത് തരം പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് ജാഥയിലെ തലയില്‍ ആള്‍ത്താമസമില്ലാത്ത ആവേശ ജീവികള്‍ക്കറിയില്ല. വായില്‍ തോന്നിയ നാല് മുദ്രാവാക്യവും വിളിച്ച് പോകുന്നവര്‍ക്കറിയില്ല, പെട്രോളുമാമായി പതുങ്ങി നില്‍ക്കുന്നവരുടെ അടുത്തേക്കാണ് തീയും കൊണ്ട് പോകുന്നതെന്ന് അവരോട് ആര് പറഞ്ഞു കൊടുക്കും?
ഇടതും വലതും ചേര്‍ത്തുപിടിച്ചു പോകുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു മുദ്രാവാക്യം മതി. അതുകൊണ്ടു തന്നെ അത് എഴുതിക്കൊടുത്തവനെ അന്വേഷിച്ച് പിടിക്കുകയാണ് പരമപ്രധാനമായി ചെയ്യേണ്ടത്. തീര്‍ച്ചയായും അവിടെ ഒരു വാടകക്കാരന്‍ ക്രിമിനലിനെ കണ്ടെത്താം. അവന്റെയും മുകളില്‍ തീര്‍ച്ചയായും സ്ഥിരം ശമ്പളക്കാരനായ കൊടും ക്രിമിനലിന്റെ മുഖംമൂടിയണിഞ്ഞ രൂപവും കാണാം.

പണ്ട്, തൊണ്ണൂറുകളുടെ ആദ്യം തിരൂര്‍ ഭാഗത്ത് നിന്ന് കള്ളപ്പണം പിടിച്ചത് ചെറിയൊരുവാര്‍ത്തയായി പത്രങ്ങളുടെ ഉള്‍പ്പേജില്‍ ഒറ്റക്കോളത്തില്‍  വന്നതോര്‍ക്കുന്നു. ബദ്ധശത്രുക്കളായ രണ്ട് സമുദായ പാര്‍ട്ടികള്‍ക്ക് ഒരേ സോഴ്‌സില്‍ നിന്നും പണം വന്നു എന്ന് വാര്‍ത്തയില്‍ ധ്വനിയുണ്ടായിരുന്നു.
പിറ്റേന്ന് ആ വാര്‍ത്തയുടെ പൊടിപോലും ഉണ്ടായില്ല. ഒരാളും അതേപ്പറ്റി അസ്വസ്ഥരായില്ല. പതിയെ അന്തരീക്ഷത്തില്‍ നിന്ന് അതൊക്കെ മാഞ്ഞുപോയി. ഒരു പത്രത്തിലും ആ വാര്‍ത്തയുടെ ഫോളോ അപ് എന്തേ വരാതിരുന്നത്? നാം വര്‍ഗീയതയ്‌ക്കെതിരായ ആലോചന ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. പക്ഷേ, അത് ഒരിക്കലും സംഭവിക്കില്ല ഭായ്,’ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതി.

അതേസമയം, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ യൂത്ത് ലീഗ് സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlight: Writer shihabuddin poythumkadavu reacts to the incident of raising provocative slogans at the Youth League rally

We use cookies to give you the best possible experience. Learn more