Kerala News
മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണ്, മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കാണാഗ്രഹിക്കുന്നു: വിനായകന് അഭിനന്ദനങ്ങളുമായി ശാരദകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 26, 01:56 pm
Saturday, 26th March 2022, 7:26 pm

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞ നടന്‍ വിനായകന് അഭിനന്ദനങ്ങളുമായി എഴുത്തുകാരി ശാരദകുട്ടി. മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരില്‍ ശക്തമായി എതിര്‍ക്കേണ്ടി വന്നപ്പോള്‍ വിഷമം തോന്നിയെന്ന് പറഞ്ഞ ശാരദകുട്ടി ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണെന്നും കുറിച്ചു.

വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശാരദകുട്ടി പറഞ്ഞു.

ഒരുത്തീ സിനിമയുടെ പ്രസ് മീറ്റില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിനായകന്‍ ഖേദപ്രകടനവുമായെത്തിയത്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായി വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി സെക്സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശമാണ് പ്രെസ് മീറ്റിനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകയോട് നടത്തിയത്.

ഇതിന് പിന്നാലെ ശാരദകുട്ടി വിനായകനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രൊമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്, മഹാ പരാജയമാണ് എന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്.

ശാരദകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരില്‍ ശക്തമായി എതിര്‍ക്കേണ്ടി വന്നപ്പോള്‍ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്.

തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോള്‍, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണ്.

വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നതും അദ്ദേഹം കൂടുതല്‍ തിളങ്ങുന്നതും കാണുവാന്‍ തന്നെയാണാഗ്രഹിക്കുന്നത്.

Content Highlight: Writer Sharadakutty congratulates actor Vinayakan for apologizing for his anti-woman remarks