എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജോസഫ്. ജോജു ജോര്‍ജ് നായകനായെത്തിയ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ഷഹി കബീറാണ്. അവയവദാന മാഫിയയെ കുറിച്ചും അതിന്റെ പിന്നിലെ മറ്റ് ബിസിനസുകളെ കുറിച്ചുമൊക്കെ അന്വേഷിക്കുന്ന ജോസഫ് എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യേഗസ്ഥന്റെ കഥയാണ് സിനിമ പറയുന്നത്.
ഇപ്പോഴായിരുന്നെങ്കില്‍ ജോസഫ് പോലെയൊരു സിനിമ താന്‍ ചെയ്യില്ലായിരുന്നുവെന്ന് തുറന്ന് പറയുകയാണ് തിരക്കഥാകൃത്ത് ഷഹി കബീര്‍. കാരണം സിനിമ പറയുന്നത് ഫേക്കായ കഥയാണെന്നും ആളുകള്‍ അത് യഥാര്‍ത്ഥമെന്ന് വിശ്വസിച്ച് പോയെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഷഹി കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ അനുഭവിക്കുന്നത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. ഞാന്‍ ഇതുപോലെയൊരു ഡെഡ് ബോഡി എടുത്ത് കഴിഞ്ഞിട്ട് എനിക്ക് ഇതുപോലെ ഭാര്യയുമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. കാരണം ആ സംഭവമാണ് നമ്മുടെ തലക്കകത്തേക്ക് വരുന്നത്. സിനിമയിലേക്ക് വരുമ്പോള്‍ ജോസഫിന് അങ്ങനെ സംഭവിക്കണമെങ്കില്‍, ഒന്നെങ്കില്‍ അയാളുടെ മുന്‍ കാമുകിയാകണം. അങ്ങനെയാണ് അത്തരത്തിലുള്ള ഒരു പ്രണയത്തെ കുറിച്ചൊക്കെ ചിന്തിക്കുന്നത്.
ജോസഫിന്റെ ബേസിക് ഐഡിയയാണ് ഞാന്‍ ജോജുവിനോട് പറയുന്നത്. ജോജുവിന് വര്‍ക്കായതിന് ശേഷമാണ് ഞാന്‍ എഴുതി തുടങ്ങുന്നത്. അപ്പോള്‍ ജോജുവുമായിട്ട് നല്ല സൗഹൃദമുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ നമുക്ക് അയാളെ കണ്ടുകൊണ്ട് തന്നെ സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുമായിരുന്നു.
പൊതുവെ നേരത്തെ ഒരാളോട് കഥ പറഞ്ഞിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. അല്ലാതെ ഇതുവരെ എഴുതിയിട്ടില്ല. ആദ്യം ഞാന്‍ ഈ കഥ പറയാന്‍ പോകുന്നത് വിനീത് കുമാറിന്റെ അടുത്താണ്. അപ്പോള്‍ വിനീത് ഓക്കെ പറഞ്ഞു. വിനീത് ഒരു കാര്യം പറഞ്ഞില്ലെങ്കില്‍ മോശമാണ്, സിനിമ ചിലപ്പോല്‍ ഭയങ്കര സോഷ്യല്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
പിന്നെ എന്റെയൊരു ഫ്രണ്ടായ ഡോക്ടറോടും ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. ഇത് റിയല്‍ സ്‌റ്റോറിയാണെന്ന് പറയാതിരുന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ജനം അത് റിയല്‍ സ്റ്റോറിയാണെന്ന് തെറ്റിദ്ധരിച്ചു. ഒരു പക്ഷെ ഇപ്പോള്‍ തിരിഞ്ഞ് ചിന്തിച്ചാല്‍ ഞാന്‍ ജോസഫ് ചെയ്യില്ലായിരുന്നു,’ ഷഹി കബീര്‍ പറഞ്ഞു.
content highlight: writer shahi kabir share his experience