കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ തന്നെ ആശങ്കപ്പെടുത്തുന്ന വിരാട് കോഹ്‌ലി-അനില്‍ കുംബ്ലെ പോരില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ സേതു. കളിക്കാരു താരങ്ങളും തമ്മിലുള്ള വ്യത്യസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സേതു പറയുന്നത്. മലയാള മനോരമയില്‍ എഴുതിയ കോളത്തിലാണ് സേതു വിവാദത്തെ കുറിച്ച് സംസാരിക്കുന്നത്.
മുന്‍ ന്യൂസിലാന്റ് താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ജോണ്‍ റൈറ്റുമായി താന്‍ സംസാരിച്ച ഓര്‍മ്മ പങ്കുവെച്ചാണ് സേതു ടീം ഇന്ത്യയെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നു ചൂണ്ടിക്കാണിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കവെയായിരുന്നു ആ കൂടിക്കാഴ്ച്ച.
” ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് റൈറ്റിന്റെ പക്ഷം. കാരണവും അദ്ദേഹം പറഞ്ഞു. കളിക്കാരും താരങ്ങളും തമ്മിലുള്ള ഒരു ചേരിതിരിവാണ് ഇന്ത്യന്‍ ടീം. ഹോട്ടലിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം ഈ വേര്‍തിരിവുണ്ടത്രേ.” സേതു പറയുന്നു.
ജോണ്‍ റൈറ്റിന്റെ വാക്കുകളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ വിവാദമെന്നും സേതു ചൂണ്ടിക്കാണിച്ചു. പരിശീലകരും കളിക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദശകങ്ങളായി തുടരുന്നതാണെന്നും അതിനുള്ള അടിസ്ഥാന കാരണം ഈഗോക്ലാഷാണെന്നും സേതു ചൂണ്ടിക്കാണിക്കുന്നു.
ഒരു കളിക്കാരന്‍ ആരാധകരാലും മാധ്യമങ്ങളാലും താരമായി മാറുമ്പോഴാണു പ്രശ്‌നം. പരിശീലകനുള്‍പ്പടെ എല്ലാവരും തനിക്കു താഴെയാണെന്ന ചിന്ത വരുന്നതോടെ പിന്നെ എല്ലാം തന്റെ നിയന്ത്രണത്തിലാവണമെന്ന വാശിയാവുമെന്നും സേതു പറയുന്നു. “താരം” എന്ന വിശേഷണം ഉപേക്ഷിക്കണമെന്നും അതില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്നും സേതു അഭിപ്രായപ്പെടുന്നു.
എല്ലാവരും ആദരിക്കുന്ന മാന്യനായ ക്രിക്കറ്ററാണ് കുംബ്ലെ. പ്രകോപനം സൃഷ്ടിക്കില്ല. അതേസമയം, ഒരു ഹെഡ്ഡ്മാസ്റ്ററെ പോലെ അച്ചടക്കം മുറുകെ പിടിക്കും. കോഹ്‌ലിയുടെ ശരീരഭാഷയും സമീപനവും ഈ ശൈലിയ്ക്ക് വഴങ്ങുന്നതല്ല. ഗവാസ്‌കറിന്റെ കാലം മുതലേ ഇത്തരം സംഘര്‍ഷങ്ങള്‍ ടീമിലുണ്ടായിട്ടുണ്ടെന്നും ഇന്ത്യന്‍ പരിശീലകരേക്കാള്‍ വിദേശിയരെയാണ് “താരങ്ങള്‍” കുറച്ചെങ്കിലും അംഗീകരിക്കുന്നതെന്നും സേതു അഭിപ്രായപ്പെടുന്നു.
കോഹ്‌ലി-കുംബ്ലെ പോരിന് പിന്നില്‍ ലോധകമ്മിറ്റിയും ബി.സി.സി.ഐയും തമ്മിലുള്ള നിഴല്‍ യുദ്ധമാണെന്ന് സംശയിക്കുന്നതായും സേതു പറയുന്നു. ഇന്ത്യയിലെ കായിക സംഘടനകളെല്ലാം കുതതന്ത്രങ്ങള്‍ ഏറെയുള്ള സ്ഥാപിത താല്‍പര്യക്കാര്‍ കുത്തകയാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദങ്ങള്‍ക്കു നടുവിലുള്ള വിരാടിന് വിന്‍ഡീസ് പര്യടനം ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും തന്റെ വാദം തെളിയിക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറയുന്നു. താരങ്ങളേയും കളിക്കാരേയും ഈഗോ ക്ലാഷില്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ഗാരി കിര്‍സ്റ്റന്‍ ആയിരുന്നു മികച്ച കോച്ചെന്നും സേതു പറഞ്ഞുവെക്കുന്നു.