Entertainment
50,000 കിട്ടിയാലേ പാടൂവെന്ന് യേശുദാസ്, പണം നല്‍കിയിട്ടും മോഹന്‍സിത്താര പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പാടിതീര്‍ത്ത് സ്ഥലം വിട്ടു; തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 30, 05:52 am
Sunday, 30th May 2021, 11:22 am

1992ലിറങ്ങിയ സുരേഷ് ഗോപി – ശ്വേത മേനോന്‍ ചിത്രം നക്ഷത്രക്കൂടാരത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് തിരക്കഥയൊരുക്കിയ സതീഷ് ബാബു പയ്യന്നൂര്‍. ചിത്രം ചെയ്യാന്‍ സംവിധായകന്‍ ജോഷി മാത്യു തീരുമാനിക്കുന്നത് മുതല്‍ ചിത്രമിറങ്ങുന്നത് വരെയുള്ള അനുഭവങ്ങള്‍ കേരളകൗമുദിയില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പങ്കുവെക്കുന്നു.

സതീഷ് ബാബു ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണ് നക്ഷത്രക്കൂടാരം, ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പില്‍ പാട്ടുകള്‍ ചെയ്യുന്നതിനിടെ യേശുദാസുമുണ്ടായ അസ്വാരസ്യങ്ങളും പങ്കുവെക്കുന്നുണ്ട്.

നക്ഷത്രക്കൂടാരത്തില്‍ ബിച്ചു തിരുമല എഴുതിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയത്. കാസറ്റ് കമ്പനിക്കാരുടെ നിര്‍ബന്ധത്തില്‍ ഒരു പാട്ട് യേശുദാസിനെ കൊണ്ട് പാടിക്കാന്‍ ശ്രമിച്ച പാവം നിര്‍മ്മാതാക്കളുടെ പരവേശം ഇന്നും ഓര്‍മ്മയിലുണ്ടെന്ന് സതീഷ് ബാബു പറയുന്നു.

ക്രിസ്റ്റഫര്‍ എന്ന യുവഗായകന്‍ അതിമനോഹരമായി പാടിയ ട്രാക്കും വെച്ച് യേശുദാസിനെ കാത്തിരുന്നു. ഒരു പാട്ടിന്റെ അന്നത്തെ അദ്ദേഹത്തിന്റെ റേറ്റായ 50,000 രൂപ മാനേജര്‍ക്ക് അഡ്വാന്‍സായി കൊടുത്താലേ പാടൂ എന്ന് പറഞ്ഞ് യേശുദാസ് വന്നവഴി മടങ്ങിപ്പോയെന്ന് സതീഷ് പറയുന്നു.

പിറ്റേദിവസം എവിടന്നെല്ലാമോ ആ കാശ് സംഭരിച്ച് നിര്‍മ്മാതാക്കളായ ബെന്നിയും സിറിലും അദ്ദേഹത്തിന്റെ കരുണ കാത്തു നിന്നു. സ്റ്റുഡിയോയില്‍ എത്തിയ യേശുദാസ് ട്രാക്ക് കേള്‍ക്കാന്‍ നിന്നില്ല. മോഹന്‍സിത്താര താരതമ്യേന അക്കാലത്ത് നവാഗതനായിരുന്നു. അദ്ദേഹം പാട്ട് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ തിടുക്കത്തില്‍ പാടി യേശുദാസ് സ്ഥലം വിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ടെന്നും സതീഷ് ബാബു പറയുന്നു.

നക്ഷത്രക്കൂടാരത്തില്‍ ട്രാക്ക് പാടിയ മിനി ജോസഫാണ് പിന്നീട് മിന്‍മിനിയെന്ന പ്രശസ്ത ഗായികയായി മാറിയതെന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ പാട്ട് പാടിയ ചിത്ര ട്രാക്ക് കേട്ട ശേഷം ‘ഇത് ഗംഭീരമായിരിക്കുന്നല്ലോ, ഈ കുട്ടി തന്നെ പാടിയാല്‍ പോരേ’ എന്ന് ചോദിച്ചു. പക്ഷെ കാസറ്റ് കച്ചവടക്കാര്‍ ഉടക്കുമെന്ന് പറഞ്ഞ് നിര്‍മ്മാതാക്കള്‍ നിസ്സഹായരായെന്നും സതീഷ് ബാബു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Writer Satheesh Babu Payyannur shares a bad experience with K J Yesudas