| Friday, 9th April 2021, 11:36 am

ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല: ജോജിക്കെതിരെ വിമര്‍ശനവുമായി സച്ചിദാനന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ജോജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കവി കെ. സച്ചിദാനന്ദന്‍. ഷേക്‌സിപിയറിന്റെ മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്ന സിനിമയെന്നും ഇത് കണ്ട് ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും സച്ചിദാന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അനേകം സിനിമകളില്‍ കണ്ടുമടുത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.

ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ ‘മക്ബൂല്‍’ പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ലെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി. (ആ പ്രേത ദര്‍ശനം തരക്കേടില്ല).

ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ലെന്നും സച്ചിദാനന്ദന്‍ പറയുന്നു.

മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷമുള്ള ദിലീഷ് പോത്തന്റെ ജോജി ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും ചിത്രം നേടിയിരുന്നു. ശ്യം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഫഹദ് ഫാസില്‍, ബാബുരാജ്, ഉണ്ണിമായ, ജോജി മുണ്ടക്കയം, സണ്ണി പി.എന്‍, ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് ജോജിയെന്നും മാക്ബത്ത് വായിക്കുമ്പോഴും കാണുമ്പോഴും ഉണ്ടാകുന്ന അനുഭവത്തെയാണ് ജോജി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു. തന്റെ മുന്‍ സിനിമകളുടെ പാറ്റേണല്ല, ജോജിയില്‍ പിന്തുടര്‍ന്നിട്ടുള്ളതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Writer Satchidanandan criticises Malayalam movie Joji  and Dileesh Pothan

We use cookies to give you the best possible experience. Learn more