| Wednesday, 1st June 2022, 6:41 pm

എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്; അതിജീവിതയ്ക്ക് നീതി വേണം: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ സാറാ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറാ ജോസഫ്.

എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണെന്നും അതിജീവിതയ്ക്ക് നീതി കൊടുക്കാനായിരിക്കണം ഭരണകൂടമെന്നും സാറാ ജോസഫ് പറഞ്ഞു.

‘അഞ്ച് വര്‍ഷമായി ഇവിടെയെന്താ നടക്കുന്നത്. ഭരണകൂടം പൊട്ടന്‍കളിക്കരുത്, എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്. സുപ്രീം കോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂ,’ സാറാ ജോസഫ് തുറന്നടിച്ചു.

സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ‘സാസ്‌കാരിക കേരളം അതിജീവിതയ്‌ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. നിയമപരമായി കേസില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് കൗസര്‍ എടപ്പഗത്ത് പറഞ്ഞു.

കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡി.ജി.പി കോടതിയില്‍ പറഞ്ഞു.

എന്നാല്‍, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതല്‍ സമയം അനുവദിക്കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ആരോപിച്ചു.

ദൃശ്യങ്ങള്‍ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയോട് പറഞ്ഞു.

ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യവുമാണ് പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.

ജുഡീഷ്യറിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ ദിലീപ് ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ആരോപിച്ചു.

Content Highlights: Writer Sarah Joseph has strongly criticized the government in the case of the attack on the actress

We use cookies to give you the best possible experience. Learn more