Kerala News
ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം; പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുതെന്ന് ജോസഫൈനെതിരെ സര്‍ക്കാരിനോട് ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 24, 05:03 am
Thursday, 24th June 2021, 10:33 am

തിരുവനന്തപുരം: ചാനല്‍ പരിപാടിയ്ക്കിടെ ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്ത്രീയോട് മോശമായി പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തുവന്നു.

ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം എന്നായിരുന്നു എം.സി. ജോസഫൈന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയത്. ‘ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സര്‍ക്കാരിനോട് ഒരഭ്യര്‍ഥന, പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്,’ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നേരത്തെ 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Writer Saradakutty against M C Josephine